01 February, 2020 04:35:22 PM
ബഷീറിന്‍റെ മരണം: കുറ്റപത്രം സമര്‍പ്പിച്ചു; ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതിയും, സുഹൃത്ത് വഫ ഫിറോസ് രണ്ടാം പ്രതിയുമാണ്. 66 പേജുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.
മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതാണ് അപകടത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആകെ 100 സാക്ഷികളും 75 തൊണ്ടി മുതലുകളുമാണുള്ളത്. തൊണ്ടി മുതലുകള്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് നല്‍കിയിട്ടുണ്ട്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുവെച്ചാണ് കെ.എം ബഷീറിന്‍റെ ബൈക്കില്‍ ശ്രീറാമും, വഫയും സഞ്ചരിച്ച കാറിടിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ബഷീര്‍ മരിച്ചു.
ഇതിന് ശേഷം നടന്ന കാര്യങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ശ്രീറാം മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാത്തത് പൊലീസിന്റെ വീഴ്ചയായി വിലയിരുത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്നായിരുന്നു വാഹന ഉടമയായ വഫ ഫിറോസിന്‍റെ മൊഴി. എന്നാല്‍ വാഹനമോടിച്ചത് വഫയാണെന്നായിരുന്നു ശ്രീറാമിന്‍റെ വാദം. എന്നാല്‍ വഫ അത് നിഷേധിച്ചു. ശ്രീറാമാണ് വണ്ടിയോടിച്ചതെന്ന് വ്യക്തമാകുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല.
ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം അനുസരിച്ചത് അപകട സമയം വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന നിഗമനത്തിലെത്തിയത്. ശ്രീറാമിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി തള്ള., സസ്പെന്‍ഷന്‍ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.