29 January, 2020 10:20:30 AM
മുഖ്യമന്ത്രി 'കാലു പിടിച്ചു': ഗവർണർ വിവാദ 18-ാം ഖണ്ഡിക വായിച്ചു; ഇരട്ടത്താപ്പെന്ന് ചെന്നിത്തല
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള വിമർശനം നയപ്രഖ്യാപനത്തിൽ വായിക്കില്ലെന്ന നിലപാട് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. നയപ്രസംഗത്തിനിടെ വിവാദ ഭാഗങ്ങൾ വായിച്ച ആരിഫ് മുഹമ്മദ് ഖാൻ ഇതു സംബന്ധിച്ച ഇത് തന്റെ നയമല്ലെന്നും സർക്കാരിന്റെ നയമല്ലെന്നും സഭയിൽ പറയുകയായിരുന്നു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ 18-ാം ഖണ്ഡികയിലാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനം ഉൾപ്പെടുത്തിയിട്ടുള്ളത്.
എതിർപ്പുള്ള ഭാഗം വായിക്കാതെ ഒഴിവാക്കാൻ ഗവർണർക്കു പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഇതനുസരിച്ച് ഈ ഭാഗം വായിക്കാതെ ഒഴിവാക്കുമെന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സർക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ പ്രസംഗത്തിനിടെ ഗവർണർ ഈ ഭാഗം വായിക്കുകയിരുന്നു. ഇതു സംബന്ധിച്ച തന്റെ നിലപാട് സഭയിൽ പറയുമെന്ന് ഗവർണർ പ്രസംഗത്തിനിടെ പറയുകയും ചെയ്തു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഈ ഭാഗം വായിക്കുന്നതെന്നും ഗവർണർ സഭയിൽ പറഞ്ഞു.
പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമർശനം സംസ്ഥാന സർക്കാരിന്റെ നയമല്ലെന്നും ഇതു സർക്കാരിന്റെ കാഴ്ചപ്പാടായ സാഹചര്യത്തിലാണു നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് ഒഴിവാക്കുന്നതെന്നും ഗവർണർ അറിയിച്ചിരുന്നു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ മാറ്റം വരുത്താനാകില്ലെന്നു മുഖ്യമന്ത്രി നൽകിയ കത്തിന് നൽകിയ മറുപടിയിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനയുടെ അനുച്ഛേദം 176 (1) അനുസരിച്ചു സർക്കാരിന്റെ നയമാണു ഗവർണർ നിയമസഭയിൽ പ്രഖ്യാപിക്കേണ്ടത്. കാഴ്ചപ്പാട് പ്രഖ്യാപിക്കേണ്ടതില്ല. കാഴ്ചപ്പാട് വ്യക്തിപരമായതിനാൽ ഗവർണർക്ക് ഒഴിവാക്കാമെന്നു ഭരണഘടനയിലും സുപ്രീംകോടതി ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം, നയപ്രഖ്യാപന പ്രസംഗം വായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുടെ കാലുപിടിച്ചെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയെ അവഹേളിച്ച ഗവർണർക്കെതിരായ സിപിഎമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പ് വെളിവായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ആരെ പറ്റിക്കാനാണു മുഖ്യമന്ത്രി നാടകം കളിക്കുന്നത്?. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ അന്തർധാരയുണ്ട്. ലാവ്ലിൻ അഴിമതിക്കേസിൽ ഏഴാം പ്രതിയായ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ നാടകം കളിക്കുന്നത്. ഒരു ഗവർണർ വഴിനീളെ പത്രസമ്മേളനം നടത്തി എല്ലാവരെയും വിമർശിക്കുകയാണ്. ഗവർണറെ തിരിച്ചുവിളിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. പ്രതിപക്ഷം പോരാട്ടം തുടരുമെന്നും നിയമസഭ ബഹിഷ്കരിച്ച് പുറത്തു മാധ്യമങ്ങളെ കണ്ട ചെന്നിത്തല പറഞ്ഞു.