24 January, 2020 04:50:17 PM
അധ്യാപികയുടെ മര്‍ദ്ദനം ജനനേന്ദ്രിയത്തിലും; ബാലാവകാശ കമ്മീഷന് വിദ്യാർത്ഥിയുടെ മൊഴി
കോട്ടയം: കുറുപ്പന്തറ സെന്‍റ് സേവ്യേഴ്സ് സ്കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിയ്ക്ക് ക്ലാസ് ടീച്ചർ മിനിമോൾ ജോസിൽ നിന്നും ഏല്‍ക്കേണ്ടിവന്നത് ക്രൂരമർദ്ദനം. കുട്ടിയുടെ ജനനേന്ദ്രിയത്തിലും മര്‍ദ്ദനത്തിനിടെ പരിക്കു പറ്റിയിരുന്നുവെന്ന് മൊഴി. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പി സുരേഷ് നേരിട്ടെത്തി മൊഴിയെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഇതിന് മുമ്പും അധ്യാപിക പലതവണ മർദ്ദിച്ചതായി വിദ്യാര്‍ത്ഥി പറയുന്നു. കാലിന്‍റെ മുൻഭാഗത്ത് അടയ്ക്കുന്നതിനിടെ വൃഷണത്തിൽ പരിക്കുപറ്റി. ഇതിനെ തുടർന്ന് മൂത്രമൊഴിക്കുമ്പോൾ വേദന ഉണ്ടായിരുന്നതായി കുട്ടി ബാലാവകാശ കമ്മീഷന് മൊഴി നൽകി. കുട്ടിയുടെ അമ്മയും ഇക്കാര്യം ബാലാവകാശ കമ്മീഷനോട് പറഞ്ഞു. എല്ലാ ക്ലാസിലും ചൂരൽ ഉണ്ടായിരുന്നതായും മര്‍ദ്ദനമേറ്റ കുട്ടിയും സഹോദരിയും മൊഴി നൽകിയിട്ടുണ്ടത്രേ.
വിദ്യാര്‍ത്ഥിയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പി സുരേഷ് പറഞ്ഞു. അധ്യാപിക മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകും. അധ്യാപികയ്ക്ക് സർവീസിൽ തുടരാൻ അർഹതയില്ലെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് കമ്മീഷൻ പോലീസിന് നിർദേശം നൽകി. അധ്യാപിക മിനിമോള്‍ ഒളിവിലാണ്.
മലയാളം ശരിയായി വായിച്ചില്ല എന്ന കാരണത്താലാണത്രേ അധ്യാപിക കഴിഞ്ഞ ദിവസം കുട്ടിയുടെ കാലുകളില്‍ അടിച്ചത്. 25ലധികം അടി നല്‍കിയതിന്‍റെ പാടുകള്‍ കുട്ടിയുടെ ഇരുകാലിലുമായുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം മലയാളം വായിപ്പിക്കാനായി ടീച്ചര്‍ കുട്ടിയെ അടുത്തേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് വായിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു കുട്ടിയുടെ കാലില്‍ ചൂരല്‍കൊണ്ട് തല്ലുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടിയുടെ കാലില്‍ തടിപ്പ് കണ്ടതോടെ മുത്തശ്ശി കാര്യം തിരക്കിയപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. പിന്നീടാണ് വീട്ടുകാര്‍ ജനമൈത്രി പോലീസില്‍ വിവരം അറിയിച്ചത്. പോലീസാണ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. കുട്ടിക്ക് മലയാളം വായിച്ചു കണ്ണുതെളിയാനാണ് തല്ലിയതെന്നാണ് അധ്യാപിക നല്‍കിയ വിശദീകരണം. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ വീട്ടിലെത്തി ക്ഷമ ചോദിക്കുകയും പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.