22 January, 2020 02:15:43 PM
നഗരസഭകള്‍ക്ക് ലോകബാങ്ക് സഹായം: കേരള അര്‍ബന്‍ സര്‍വ്വീസ് ഡെലിവറി പ്രോജക്ടിന് അനുമതി നല്‍കും
തിരുവനന്തപുരം: പദ്ധതി ഫണ്ടിന് ഉപരിയായി കേരളത്തിലെ നഗരസഭകള്‍ക്ക് ലോകബാങ്ക് ധനസഹായം അനുവദിക്കാവുന്ന രീതിയില്‍ കേരള അര്‍ബന്‍ സര്‍വ്വീസ് ഡെലിവറി പ്രോജക്ടിന് അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 300 ദശലക്ഷം ഡോളര്‍ രണ്ട് ശതമാനം പരിശനിരക്കില്‍ 25 വര്‍ഷത്തെ കാലാവധിയില്‍ വായ്പ നല്‍കാന്‍ ലോകബാങ്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ നഗരങ്ങള്‍ നേരിടുന്ന മാലിന്യ സംസ്കരണ പ്രശ്നം പരിഹരിക്കുന്നതിനും സിവറേജ് - സെപ്റ്റേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനും ശുചിത്വത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് അര്‍ബന്‍ സര്‍വ്വീസ് ഡെലിവറി പ്രോജക്ട് വിഭാവനം ചെയ്തിട്ടുള്ളത്.
എന്‍.എസ്.കെ. ഉമേഷിനെ വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ശബരിമല എ.ഡി.എം. ആണ്. കെ.എസ്.ഐ.ഡി.സി. നിക്ഷേപ സെല്ലിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയും ഉമേഷിനായിരിക്കും. നിയമസഭാ സമ്മേളനം ജനുവരി 29 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ജനുവരി 30 മുതല്‍ സമ്മേളനം ചേരാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നത്.