18 January, 2020 01:45:45 PM


മദ്യകുപ്പികൾ ഇനി കളയേണ്ട: സർക്കാർ വില നൽകി തിരിച്ചെടുക്കും; പ്ലാസ്റ്റിക് കുപ്പികളും



തിരുവനന്തപുരം: ഒരു ലിറ്ററിന്റെ ചില്ല് കുപ്പി മൂന്നു രൂപയ്ക്ക് സര്‍ക്കാര്‍ തിരിച്ചെടുക്കുന്നു. പ്ലാസ്റ്റിക് കുപ്പിയാണെങ്കില്‍ ഒരുകിലോക്ക് 12 രൂപവരെയും. അമ്പത് കുപ്പിയുണ്ടെങ്കില്‍ ഒരു ഫോണ്‍ കോളില്‍ ഹരിത കര്‍മ സേന വീട്ടിലോ മറ്റ് കേന്ദ്രങ്ങളിലോ എത്തി ശേഖരിച്ച് പണം ഓണ്‍ലൈനായി അക്കൗണ്ടിലിടും. ഇതിനായി ടോള്‍ ഫ്രീ നമ്പര്‍ ഉടന്‍ നിലവില്‍ വരും.


മില്‍മ പാലിന്റെ കാലി കവറും ഏറ്റെടുക്കും. ക്ലീന്‍ കേരള കമ്പനിയാണ് പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഏറ്റെടുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത്. മദ്യക്കുപ്പി ശേഖരിക്കുന്നതിന് ബിവറേജസ് കോര്‍പറേഷനുമായി (ബെവ്കോ) കരാര്‍ ഒപ്പിട്ടു. ഇതിന്റെ ഭാഗമായി ബെവ്കോയുടെ പ്രീമിയം കൗണ്ടറുകളില്‍ പ്രത്യേക ബിന്‍ സ്ഥാപിക്കും. ഒഴിഞ്ഞ മദ്യക്കുപ്പി ഏറ്റെടുക്കുന്നതിന് വിവിധ രീതികളാണ് ക്ലീന്‍കേരള കമ്പനി നടപ്പാക്കുക. പ്രീമിയം കൗണ്ടറുകളിലെ ബിന്നാണ് പ്രധാനം.


കോര്‍പറേഷനുകളുടെയും മറ്റും കലക്ഷന്‍ കേന്ദ്രങ്ങളിലും ബിന്‍ സ്ഥാപിക്കും. പ്രത്യേക സമയങ്ങളില്‍ താല്‍ക്കാലിക കലക്ഷന്‍ പോയിന്റുകളും ആരംഭിക്കും. ഏറ്റെടുക്കുന്ന കുപ്പികളില്‍ ചില്ലിന്റേത് പുന:ചംക്രമണത്തിന് പോണ്ടിച്ചേരിയിലെ കമ്പനിയുമായി ക്ലിന്‍ കേരള കമ്പനി ധാരണയായി. പ്ലാസ്റ്റിക് കുപ്പികള്‍ കേരളത്തിലെ വിവിധ പുന:ചംക്രമണ യൂണിറ്റുകള്‍ക്ക് നല്‍കും.


കുപ്പികള്‍ ഏറ്റെടുക്കുന്നതിനുള്ള തുക ബിവറേജസ് കോര്‍പറേഷന്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കും. ഇതിനായി ഏറ്റെടുത്ത കുപ്പികളുടെ കണക്ക് ബെവ്കോ പരിശോധിക്കും. മില്‍മ പാല്‍ കവര്‍ ഏറ്റെടുക്കുന്നതിനുള്ള പദ്ധതി അന്തിമ ഘട്ടത്തിലാണ്. ഇതോടൊപ്പം കേര വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുന്ന കേരഫെഡും മറ്റു ചില സ്വകാര്യ പാല്‍ കമ്പനികളും കാലി പാക്കറ്റ് ഏറ്റെടുക്കാന്‍ ക്ലീന്‍ കേരള കമ്പനിയെ സമീപിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K