18 January, 2020 09:53:59 AM
വഴങ്ങാൻ തയ്യാറല്ല; ഗവർണർ തള്ളിയ ഓർഡിനൻസിനു പകരം ബില്ലുമായി സർക്കാർ
തിരുവനന്തപുരം: ഗവർണർ തള്ളിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിനു പകരമുള്ള ബില്ലുമായി സർക്കാർ മുന്നോട്ട്. 30നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണു ശ്രമം. ബില്ലിന്റെ കരട് തദ്ദേശസ്ഥാപനവകുപ്പു തയാറാക്കി നിയമവകുപ്പിനു കൈമാറി.
തദ്ദേശ സ്ഥാപനവാർഡ് പുനർവിഭജനത്തിന് അധിക സാന്പത്തിക ബാധ്യതയില്ലാത്തതിനാൽ ഗവർണറുടെ അനുമതി ഇല്ലാതെ മുന്നോട്ടു പോകാൻ കഴിയുമെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്. 20നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ബില്ലിന്റെ കരട് അംഗീകരിക്കാനാണു സാധ്യത.
അതേസമയം, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനു മാസങ്ങൾ അവശേഷിക്കേ വാർഡ് വിഭജനം വിവാദത്തിൽ കുടുങ്ങി നീളുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും അതൃപ്തിയുണ്ട്. വാർഡ് വിഭജനത്തിനു സർക്കാർ അനുമതി ലഭിച്ചാൽതന്നെ ഇതു പൂർത്തിയാക്കാൻ മൂന്നു മാസമെങ്കിലും വേണ്ടിവരും. ഇതു തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു വൈകാൻ ഇടയാക്കും. വാർഡ് പുനർവിഭജനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരേ പ്രതിപക്ഷവും രംഗത്തു വന്നിരുന്നു.