16 January, 2020 07:49:32 AM
'ഒരാൾക്ക് ഒരു പദവി': തർക്കത്തിൽ ഉടക്കി കെപിസിസി പുനസംഘടന വഴിമുട്ടുന്നു
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കം അവസാനിക്കാതെ കോണ്ഗ്രസ്. ഒരാൾക്ക് ഒരു പദവി എന്ന സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിൽ ഉടക്കിയാണു പുനഃസംഘടന വൈകുന്നത്. എംഎൽഎമാരും എംപിമാരും ഏറെ തിരക്കുള്ളവരാണെന്നും, അതിനാൽ പാർട്ടി ചുമതല കൂടി ഏറ്റെടുക്കുന്നത് അമിത ഭാരമാകുമെന്നുമാണു മുല്ലപ്പള്ളിയുടെ നിലപാട്.
ഇതിനെ എതിർക്കുന്ന ഐ ഗ്രൂപ്പ് എംഎൽഎമാരെ അടക്കം ഭാരവാഹികൾ ആക്കണമെന്നു വാദിക്കുന്നു. വർക്കിംഗ് പ്രസിഡന്റ് പദവിയിൽ എംപിമാരായ കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷിനും ഇളവ് നൽകണമെന്നും ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നു. അതേസമയം, ഒരാൾക്കു ഒരു പദവി നടപ്പാക്കണമെന്ന് മുതിർന്ന നേതാവ് പ്രഫ. കെ.വി. തോമസ് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
പുനഃസംഘടന സംബന്ധിച്ച അന്തിമ ചർച്ചകൽ വ്യാഴാഴ്ച ഡൽഹിയിൽ നടക്കുമെന്നാണു റിപ്പോർട്ട്. ചർച്ചകൾക്കായി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഡൽഹിയിലെത്തും. കഴിഞ്ഞദിവസം പാർട്ടി അധ്യക്ഷ സോണിയാഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തിയശേഷം രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നാട്ടിലേക്കു മടങ്ങിയിരുന്നു.