16 January, 2020 07:37:09 AM
പൗരത്വ നിയമ ഭേദഗതി: സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്നു ഗവർണർ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതിയെ ആർക്കും സമീപിക്കാമെന്നും നിയമ ഭേദഗതിയിൽ തെറ്റുണ്ടെങ്കിൽ നിയമപരമായി പോകുകയാണു വേണ്ടതെന്നും ഗവർണർ പറഞ്ഞു. എന്നാല്‍ ഗവര്‍ണര്‍ അറിയാതെ സുപ്രിം കോടതിയെ സമീപിച്ചതിലുള്ള എതിര്‍പ്പും അദ്ദേഹം പ്രകടിപ്പിച്ചു.
നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ ഗവർണർ എതിർത്തിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നായിരുന്നു ഗവർണർ അന്നു പ്രതികരിച്ചത്. ഇതിനു പിന്നാലെയാണു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അവകാശം വിനിയോഗിച്ച്, സ്യൂട്ട് ഹർജിയായാണ കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്രം പാസാക്കിയ നിയമത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി നൽകുന്ന ആദ്യ സംസ്ഥാനമാണു കേരളം. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണു ഹർജി നൽകിയത്. ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനമാണ് ഈ നിയമമെന്നു ഹർജിയിൽ പറയുന്നു.