14 January, 2020 10:28:49 PM


മതാധിഷ്ടിത രാജ്യമാക്കാനുളള തറകല്ലിടീലാണ് പൗരത്വ ഭേദഗതി നിയമം - എം.ബി.രാജേഷ്



മുണ്ടക്കയം: മതാധിഷ്ടിത രാജ്യമാക്കാനുളള തറകല്ലിടീലാണ് പൗരത്വ ഭേദഗതി നിയമമെന്ന് സി.പി.എം.നേതാവ് എം.ബി.രാജേഷ്. മുണ്ടക്കയത്ത് സി.പി.എം.സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ലംഘനം നടത്തി മുന്നോട്ടുപോകാനുളള ശ്രമത്തിലാണ് നരേന്ദ്രമോദിയും അമിത്ഷായും. മതം പൗരത്വത്തിന്‍റെ മാനദണ്ഡമല്ലായെന്ന് ഭരണഘടന വ്യക്തമാക്കുന്നു. ഇത് ഭേദഗതി ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് നിയമ വിരുദ്ധമാണ്. മതം ഉപയോഗിച്ചു പൗരത്വം നല്‍കാനുളള നീക്കം നടത്തുമ്പോള്‍ ഒരു വിഭാഗത്തെ ഒഴിവാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.


അഭയാര്‍ത്ഥികള്‍ക്ക്‌ സംരക്ഷണം കൊടുക്കുകയെന്നതാണ് ലക്ഷ്യമെങ്കില്‍  ശ്രിലങ്കന്‍ തമിഴ് ഹിന്ദുക്കളേയും റോഹിങ്ക്യന്‍ മുസ്ലിംങ്ങളേയും   ഭൂട്ടാനിലെ ക്രൈസ്തവരെയും കുറിച്ചു നിലപാട് സ്വീകരിക്കാന്‍ മോദിയും അമിത്ഷായും തയ്യാറാവാത്തത് എന്താണന്ന്  വ്യക്തമാക്കണം. ഇത് വ്യക്തമാക്കാത്ത ഇവര്‍ മൂന്നു രാജ്യങ്ങള്‍ മാത്രമായി തെരഞ്ഞെടുത്തതിലെ ലക്ഷ്യം തികച്ചും വര്‍ഗ്ഗീയമാണ്. ഒരു പ്രശ്‌നത്തിനു പരിഹാരം കാണാനല്ല പകരം പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുകയെന്നതാണ് ബി.ജെ.പി.യുടെ ലക്ഷ്യം.


ഒന്നര വര്‍ഷംകൊണ്ടു രാജ്യത്തെ സാമ്പത്തികമായി തകര്‍ത്ത ബി.ജെ.പി. സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണ്. പതനത്തിലേക്ക് നീങ്ങുന്ന  സര്‍ക്കാരിനു പിടിച്ചു നില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുളളത്. ലോകസഭ തെരഞ്ഞെടുപ്പിനു അഞ്ചു മാസത്തിനു ശേഷം നടന്ന ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപെട്ട ബി.ജെ.പി.ക്ക് കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നു മനസ്സിലായി.  ജനങ്ങളെ ഭിന്നിപ്പിച്ചാല്‍ മാത്രമെ രക്ഷപെടാനാവുവെന്നു തോന്നലാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും രാജേഷ് പറഞ്ഞു. സി.പി.എം. ലോക്കല്‍ സെക്രട്ടറി  സി.വി.അനില്‍കുമാര്‍ അദ്യക്ഷത വഹിച്ച യോഗത്തില്‍   അഡ്വ.പി.ഷാനവാസ്, കെ.രാജേഷ്, പി.എന്‍.പ്രഭാകരന്‍, വി.പി.ഇസ്മായില്‍, പി.കെ.പ്രദീപ്, തങ്കമ്മ ജോര്‍ജ്കുട്ടി, റജീന റഫീക് എന്നിവര്‍ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K