14 January, 2020 08:26:02 AM
ഉന്നാവോ: പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തല്‍
ഉന്നാവോ: ഉന്നാവോ മാനഭംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടർ പ്രശാന്ത് ഉപാധ്യായയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ബന്ധുകൾ. പ്രശാന്ത് ഉപാധ്യായയ്ക്കു കഴിഞ്ഞ ദിവസം രാവിലെ ശ്വാസതടസം നേരിട്ടതായി ബന്ധുകൾ പറഞ്ഞു. തുടർന്നു അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാമെന്നു തങ്ങൾ നിർദേശിച്ചുവെന്നും എന്നാൽ വിശ്രമിച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞുവെന്നും ബന്ധുകൾ വ്യക്തമാക്കി.
പെൺകുട്ടിയുടെ പിതാവിനു പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനം ഏൽക്കേണ്ടിവന്നതിനു പിന്നാലെ ചികിത്സ നല്കിയ ഡോക്ടറാണ് പ്രശാന്ത് ഉപാധ്യായ. പ്രഥമശുശ്രൂഷ നല്കി ഡോക്ടർ വിട്ടയച്ച, പെൺകുട്ടിയുടെ പിതാവ് ഏതാനും മണിക്കൂറുകൾക്കകം പോലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു. 2018 ഏപ്രിലിലായിരുന്നു സംഭവം. ഇതു സംബന്ധിച്ച കേസിന്റെ വിചാരണ ഇന്നു തുടങ്ങാനിരിക്കേയാണു ഡോക്ടർ മരിച്ചത്. ജില്ലാ ആശുപത്രിയിലെ എമർജൻസി വാർഡിന്റെ ചുമതല വഹിക്കവേയായിരുന്നു ഡോക്ടർ പ്രശാന്ത് ഉപാധ്യായ ഉന്നാവോ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ചത്.