13 January, 2020 03:09:46 PM
ബിജെപി സമ്മേളനത്തിനിടെ സംഘർഷം: മുസ്ലീം പള്ളിക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ കല്ലേറ്
മുണ്ടക്കയം: പൗരത്വ ബില്ലിനെ അനുകൂലിച്ച് ബി ജെ പി തൂക്കുപാലത്ത് നടത്തിയ ജനജാഗ്രത സമ്മേളനത്തിനിടെ സംഘർഷം. ബി ജെ പി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനും ഹോം ഗാർഡിനും പരിക്കേറ്റു. സംഘർഷത്തിനിടെ മുസ്ലീം പള്ളിക്കു നേരെയും വ്യാപാര സ്ഥാപനങ്ങൾക്കു നേരെയും കല്ലേറുണ്ടായി. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് സംഭവം.
ബി ജെ പി യുടെ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിനെതിരെ ടൗണിൽ ചിലർ ചേർന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. പിന്നീട് സമ്മേളനം സംസ്ഥാന സെക്രട്ടറി എ.കെ. നസീർ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം നിസ്കരിക്കുന്നതിനായി പള്ളിയിൽ എത്തി. ഇതിനിടെ പള്ളിയിൽ വച്ച് ചിലർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ നസീറിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞെത്തിയ ബി ജെ പി പ്രവർത്തകർ പള്ളിക്കു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ പള്ളിയുടെ ഗോപുരത്തിന് കേടുപാടുകൾ സംഭവിക്കുകയും കെട്ടിടത്തിന്റെ ചില്ലുകളും, വാട്ടർ ടാങ്കും പൊട്ടുകയും ചെയ്തു. കല്ലേറ് വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ വ്യാപിക്കുകയും കടകൾ ബലമായി അടപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഹോം ഗാർഡ് ടി.സി. മോഹനൻ പിള്ളക്ക് കല്ലേറിൽ പരിക്കേറ്റത്. ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് ഇരു വിഭാഗങ്ങളുടെയും പ്രവർത്തകർ സംഘടിച്ചെത്തിയതോടെ ടൗണിൽ സംഘർഷ സാധ്യത വർധിച്ചു.
പരസ്പരം മുദ്രാവാക്യം വിളിച്ച് നേർക്കുനേർ എത്തിയെങ്കിലും പോലീസ് അവസരോചിതമായി ഇടപെട്ടതിനാൽ സംഘർഷം ഒഴിവായി. തുടർന്ന് പോലീസ് ടൗണിലെ മുഴുവൻ കടകളും അടപ്പിക്കുകയും ഓട്ടോ, ടാക്സി തുടങ്ങിയവ നീക്കം ചെയ്യുകയും ചെയ്തു. ഇതിനിടെ പോലീസിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്താനും ശ്രമം നടന്നു. പള്ളിയുടെ മുന്പിൽ നിന്നും വിശ്വാസികൾ പിരിഞ്ഞു പോകണമെന്ന് ജമാഅത്ത് പ്രസിഡന്റ് മൈക്കിൽ കൂടി അഭ്യർത്ഥിക്കുകയും ചെയ്തു. ഇരുവിഭാഗങ്ങളുടെയും കൂടുതൽ ആളുകൾ എത്തിയതോടെ രാത്രി വൈകിയും സംഘർഷം തുടരുകയാണ്. കട്ടപ്പന ഡി വൈ എസ്പി എൻ.സി. രാജ്മോഹന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.