10 January, 2020 08:08:16 PM
അനധികൃത അവധിയെടുത്ത 430 ഡോക്ടർമാരെ ആരോഗ്യവകുപ്പ് പുറത്താക്കി
തിരുവനന്തപുരം: അനധികൃതമായി അവധിയെടുത്ത് സർവീസിൽ നിന്നു വിട്ടുനിൽക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 430 ഡോക്ടർമാരുൾപ്പെടെ 480 ജീവനക്കാരെ നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഒരുവർഷത്തെ ഇടവേളയ്ക്കുള്ളിൽ രണ്ടു തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിനു താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കാനാണു തീരുമാനിച്ചിരിക്കുന്നത്.
അനധികൃതമായി ജോലിക്കു ഹാജരാകാതിരുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടർമാരെ നേരത്തെ പുറത്താക്കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സർവീസിൽ നിന്നും വിട്ടുനിൽക്കുന്ന പ്രൊബേഷൻ പൂർത്തിയാക്കിയ 53 ഡോക്ടർമാരും പ്രൊബേഷനർമാരായ 377 ഡോക്ടർമാരും ഉൾപ്പെടെ 430 ഡോക്ടർമാരെയാണ് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്.
അനധികൃതാവധിയിലായ ആറു ഹെൽത്ത് ഇൻസ്പെക്ടർമാർ, നാലു ഫാർമസിസ്റ്റുകൾ, ഒരു ഫൈലേറിയ ഇൻസ്പെക്ടർ, 20 സ്റ്റാഫ് നഴ്സുമാർ, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, മൂന്നു ദന്തൽ ഹൈനീജിസ്റ്റുമാർ, രണ്ടു ലാബ് ടെക്നീഷ്യൻമാർ, മൂന്നു റേഡിയോഗ്രാഫർമാർ, രണ്ട് ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, രണ്ട് ആശുപത്രി അറ്റൻഡർ ഗ്രേഡ്-രണ്ട്, മൂന്നു റെക്കോഡ് ലൈബ്രേറിയൻമാർ, ഒരു പിഎച്ച്എൻ ട്യൂട്ടർമാർ, മൂന്നു ക്ലാർക്കുമാർ എന്നിങ്ങനെ 50 ജീവനക്കാരെയാണ് പിരിച്ചുവിടുക. ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് അർഹരായ ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും ഇതിനാലാണ് കർശന നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.