05 January, 2020 09:17:38 AM


ഇന്ധനവില കുതിക്കുന്നു; സ്വകാര്യ ബസുടമകള്‍ സര്‍വീസ് നിർത്താൻ ഒരുങ്ങുന്നു



തൃശൂർ: ദിനം പ്രതി വര്‍ധിക്കുന്ന ഇന്ധന വിലയെത്തുടര്‍ന്ന് ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി സ്വകാര്യ ബസുകള്‍. കനത്ത നഷ്ടം നേരിട്ടതോടെ പെര്‍മിറ്റുകള്‍ തിരികെ നല്‍കാനാണ് പല ബസുടമകളുടേയും തീരുമാനം. അനിശ്ചിത കാല സമരം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഗതാഗത മന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പിന്നീട് മാറ്റിവെക്കുകയായിരുന്നു. 2018 മാര്‍ച്ചിലായിരുന്നു സ്വകാര്യ ബസ് ചാര്‍ജ് അവസാനമായി വര്‍ധിപ്പിച്ചത്. ഇതിനു ശേഷം ഡീസല്‍ വില പത്തുരൂപയിലധികം വര്‍ധിച്ചു.


ഇപ്പോഴും ദിനംപ്രതി വര്‍ധനവ് തുടരുകയാണ്. ഡീസലടിക്കാന്‍ മാത്രം രണ്ടായിരം രൂപയോളം പ്രതിദിനം അധികമായി കണ്ടെത്തേണ്ടി വരുന്നുണ്ട് ബസുടമകള്‍ക്ക്. സ്പെയര്‍ പാര്‍ട്സ് വിലയും ഇന്‍ഷൂറന്‍സ് തുകയും കൂടി വര്‍ധിച്ചതോടെ പിടിച്ചു നില്‍ക്കാന്‍ പാട് പെടുകയാണ് സ്വകാര്യ ബസ് വ്യവസായം. ഈ സാഹചര്യത്തിലാണ് പെര്‍മിറ്റുകള്‍ സറണ്ടര്‍ ചെയ്ത് ഓട്ടം അവസാനിപ്പിക്കുന്നത്.


സംസ്ഥാനത്ത് മുപ്പത്തിനാലായിരത്തിലധികം സ്വകാര്യബസുകള്‍ നേരത്തെ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ കനത്ത നഷ്ടം നേരിട്ടതോടെ പലരും ഈ വ്യവസായത്തോട് വിടപറയുകയാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 11500ല്‍ താഴെ ബസുകള്‍ മാത്രമാണ് ഇപ്പോള്‍ നിരത്തിലുളളത്. ഇന്ധന വില ഇങ്ങനെ വര്‍ധിക്കുകയാണെങ്കില്‍ ബസ് ചാര്‍ജ് വര്‍ധനവു കൊണ്ടു മാത്രം പിടിച്ചു നില്‍ക്കാവില്ലെന്നാണ് ബസ് ജീവനക്കാരും ഉടമകളും പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K