04 January, 2020 11:29:49 PM
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ; സംവരണ സീറ്റുകള്‍ മാറും
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കും. തിരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകള്‍ അപ്പാടെ മാറും. ഇപ്പോള്‍ സ്ത്രീകള്‍ ഭരിക്കുന്ന വാര്‍ഡുകളും സ്ഥാനങ്ങളും പുരുഷന്‍മാര്‍ക്ക് ലഭിക്കും. പുരുഷന്‍മാരുടേത് സ്ത്രീകള്‍ക്കും. എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലും ഈ മാറ്റമുണ്ടാകും.
തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനമാണ് വനിതാ സംവരണം. സംവരണസീറ്റുകള്‍ അഞ്ചു വര്‍ഷത്തിനിടെ മാറുന്നതിനാല്‍, ഇപ്പോള്‍ പുരുഷന്‍മാര്‍ ഭരിക്കുന്ന തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ വനിതാ മേയര്‍മാര്‍ വരും. സ്ത്രീകള്‍ ഭരിക്കുന്ന കൊച്ചി, കണ്ണൂര്‍, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ പുരുഷ മേയര്‍മാരും ആകും. മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, പഞ്ചായത്തു തലത്തിലും ഈ മാറ്റമുണ്ടാകും.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഈ മാറ്റങ്ങളോടെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്നു വീതം വര്‍ധിപ്പിക്കാനും കേരള പഞ്ചായത്ത് രാജ് ആക്ടും, കേരള മുന്‍സിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യുന്നതിനും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ നടപടികള്‍ ആരംഭിക്കാത്തത് തെരഞ്ഞെടുപ്പ് കമ്മീഷനെ വലയ്ക്കുന്നുണ്ട് .
ഓര്‍ഡിനന്‍സ് ഇറങ്ങി, തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചാലേ തെരഞ്ഞെടുപ്പ് ജോലികളിലേക്കു കടക്കാന്‍ കമ്മിഷനു കഴിയൂ. ഇതിനു ചുരുങ്ങിയത് 5 മാസമെങ്കിലുമെടുക്കുമെന്ന് അധികൃതര്‍ പറയുന്നു.
ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ 2001ലെ സെന്‍സസ് അനുസരിച്ചാണ് അംഗങ്ങളുടെ എണ്ണം തീരുമാനിച്ചിരിക്കുന്നത്. 2011ലെ സെന്‍സസ് അനുസരിച്ചാണ് ഇനി സീറ്റുകള്‍ നിശ്ചയിക്കേണ്ടത്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയശേഷം അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ച് പുതിയ വാര്‍ഡുകള്‍ തീരുമാനിക്കണം.