31 December, 2019 01:18:19 PM
പൗരത്വ നിയമ ഭേദഗതിയെ അതിശക്തമായി എതിർത്ത് കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ അതിശക്തമായി എതിർത്ത് കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിജെപിയുടെ ഒരംഗത്തിന്റെ എതിർപ്പോടെ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ബിജെപി ഒഴികെയുള്ള കക്ഷികളെല്ലാം അനുകൂലിച്ചു. ഇന്ത്യയുടെ മതേതരസ്വാഭവത്തിനും പൗരൻമാരുടെ മൗലികാവകാശങ്ങൾക്കും എതിരായതിനാൽ നിയമം പിൻവലിക്കണമെന്ന് സഭ ഒന്നൊഴികെ ഒന്നിച്ച് ആവശ്യപ്പെട്ടു. ഇതോടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം.
പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് പ്രമേയത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ തടങ്കൽ പാളയങ്ങൾ ഉണ്ടാകില്ലെന്നും അതിനായുള്ള ഒരു നടപടികളും സർക്കാർ സ്വീകരിക്കില്ലെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പൗരത്വ നിയമദേഗതി നിയമം മതവിവേചനത്തിന് ഇടയാക്കുന്നതാണ്. നിയമം പ്രവാസികൾക്കിടയിലും ആശങ്ക ഉളവാക്കുന്നു. മതേരത്വത്തെ തകർക്കുന്ന ഒരു നിയമത്തേയും അനുകൂലിക്കാനാവില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് തടങ്കൽപാളയങ്ങൾ ഉണ്ടാകില്ലെന്നും അതിനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി - പട്ടികവർഗ സംവരണം നീട്ടാനുള്ള പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ മുഖ്യമന്ത്രിയെ ക്ഷണിച്ചതിന് പിന്നാലെ എതിർപ്പുമായി ബിജെപി അംഗം ഒ. രാജഗോപാൽ രംഗത്ത് വന്നു. പാർലമെന്റ് പാസാക്കിയ നിമത്തെ എതിർക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് രാജഗോപാൽ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ തെറ്റായ വ്യാഖ്യാനിക്കുന്നത് സങ്കുചിത രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടിയാണെന്ന് അദ്ദേഹം പ്രമേയത്തിൽമേലുള്ള ചർച്ചയിൽ പറഞ്ഞു. മുസ്ലിമിനെ രാഷ്ട്രപതിയാക്കിയ പാരമ്പര്യമാണ് ബിജെപിക്കുള്ളത്. പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഒരു പൗരനും പൗരത്വം നിഷേധിക്കപ്പെടില്ല. പൗരത്വ നിയമത്തിൽനിന്നും മുസ്ലിങ്ങളെ ഒഴിവാക്കിയിട്ടില്ല. പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും രാജഗോപാൽ പറഞ്ഞു.
രാജ്യത്ത് പട്ടികജാതി - പട്ടികവർഗങ്ങളിൽപ്പെട്ടവർക്ക് സംവരണം പത്തു വർഷത്തേക്ക് നീട്ടാനുള്ള പ്രമേയമാണ് മുഖ്യമന്ത്രി ആദ്യം അവതരിപ്പിച്ചത്. സാമൂഹ്യസ്ഥിതിയിൽ ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ജാതി വ്യവസ്ഥയുടെ ജീർണത പല തട്ടുകളിലും നിലനിൽക്കുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവർക്ക് സാമൂഹ്യ - സാമ്പത്തിക നീതി എല്ലാ തലങ്ങളിലും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു