28 December, 2019 08:50:15 PM
എംജി സര്‍വകലാശാല മാര്‍ക്ക് ദാനം; ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി
കോട്ടയം : എംജി സര്‍വകലാശാല മാര്‍ക്ക് ദാനം റദ്ദാക്കിയതില്‍ പിശക് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി. രണ്ട് സെക്ഷന്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ജോയിന്റ് രജിസ്ട്രാര്‍ അടക്കം മൂന്നുപേരെ സ്ഥലം മാറ്റി. മോഡറേഷന്റെ ഗുണം ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയ സംഭവത്തിലാണ് നടപടി. മാര്‍ക്ക് ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണം പിന്‍വലിക്കും. കമവിരുദ്ധമായി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയതിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
സെക്ഷന്‍ ഓഫീസര്‍മാരായ അനന്തകൃഷ്ണന്‍, ബെന്നി കുര്യാക്കോസ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷനും ജോയിന്റ് രജിസ്ട്രാര്‍ ആഷിക്, എം കമാല്‍, നസീബാ ബീവി എന്നിവരെയാണ് സ്ഥലം മാറ്റിയത്. മാര്‍ക്ക് ദാനം പിന്‍വലിച്ചത് ചട്ടവിരുദ്ധമായാണെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന സര്‍വകലാശാലയുടെ കുറ്റസമ്മതം. മോഡറേഷന്റെ ഗുണഫലം നേടി വിജയിച്ചത് 118 വിദ്യാര്‍ത്ഥികള്‍ ആണെന്നാണ് സര്‍വകലാശാല റിപ്പോര്‍ട്ട് നല്‍കിയത്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കി സര്‍വകലാശാല ഉത്തരവും ഇറക്കി. എന്നാല്‍ 116 പേര്‍ മാത്രമാണ് മാര്‍ക്ക് ദാനത്തിലൂടെ ജയിച്ചതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
വീഴ്ച പറ്റിയെന്ന് ബോധ്യമായതോടെ മാര്‍ക്ക് ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണവും സര്‍വകലാശാല പിന്‍വലിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ജനുവരി നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി.