24 December, 2019 01:49:35 PM
ആരിഫ് മുസ്‌ളീം ലീഗിലേക്ക് ? പാര്‍ലമെന്റില്‍ സംസ്ഥാനത്ത് നിന്നുള്ള ഏക പ്രതിനിധിയെ സിപിഎമ്മിന് നഷ്ടമായേക്കും?
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ സിപിഎമ്മിന് കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധി എ.എം. ആരിഫിനെയും നഷ്ടമായേക്കുമെന്ന് അഭ്യൂഹങ്ങള്‍. അരൂരില്‍ സിപിഎമ്മിന്റെ എംഎല്‍എയും പിന്നീട് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ച് എംപിയുമായ ആരിഫ് മുസ്‌ളീം ലീഗിലേക്ക് മാറാന്‍ ഒരുങ്ങുന്നതായാണ് പ്രചരണം. ലീഗു നേതാക്കളുമായി ആരിഫ് രണ്ടു തവണ ചര്‍ച്ച നടത്തിയെന്നു ജന്മഭൂമിയുടെ ഓണ്‍ലൈന്‍ മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഏറെ താമസിയാതെ ആരിഫിന്റെ ലീഗിലേക്കുള്ള ചാട്ടം പൂര്‍ത്തിയാകുമെന്നാണ് വാര്‍ത്ത.
പാര്‍ട്ടിയുടെ കേരള ഘടകത്തില്‍ നിന്നുള്ള പാര്‍ലമെന്റിലെ ഏക പ്രതിനിധിയും ആലപ്പുഴയിലെ പാര്‍ട്ടിയുടെ വലിയ ജനസമ്മതനുമാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ആരിഫിനോട് താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരിഫിന് പകരക്കാരനായി ചന്ദ്രബാബുവിനെ പിണറായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നതും പിന്തുണയ്ക്കുന്നതും ഇതിന്റെ ഭാഗമാണത്രേ. ഇതെല്ലാം പരസ്യമായ രഹസ്യമാണെന്നുമാണ് ജന്മഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നത്.
എംപിയായി ജയിച്ചു കയറി പാര്‍ട്ടിക്ക് മുന്‍തൂക്കം നല്‍കിയെങ്കിലും പിന്നാലെ അരൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്റെ തോല്‍വിയുടെ ഭാരം പേറേണ്ടി വന്നത് ആരിഫിനായിരുന്നു. നേരത്തേ ആരിഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ ഷാനിമോള്‍ ഉസ്മാനോട് രണ്ടായിരത്തോളം വോട്ടുകള്‍ക്കാണ് മനു സി പുളിക്കന്‍ തോറ്റത്. തോല്‍വിയില്‍ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെ ആരിഫിനെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പാര്‍ട്ടി നേതാക്കളുടെ അനിഷ്ടത്തില്‍ നില്‍ക്കുമ്പോഴാണ് ലീഗിലേക്ക് കുടിയേറാന്‍ ആരിഫിന് ക്ഷണം കിട്ടിയതെന്നാണ് റിപ്പോർട്ട്. ഇതിന് ചില മുസ്‌ളീം സംഘടനകളുടെ പിന്തുണ കൂടി വന്നതോടെ ലീഗിലേക്ക് അടുപ്പിച്ചുവത്രേ. ഇക്കാര്യത്തില്‍ രണ്ടു തവണ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആരിഫ് ലീഗിലെത്തുമെന്നുമാണ് പ്രചരണം. അതേസമയം നേരത്തേ താന്‍ മാരാരിക്കുളത്ത് തോറ്റതിനു കാരണക്കാരനായിക്കണ്ട് വി.എസ് മാറ്റി നിര്‍ത്തിയ സിപിഎം നേതാവാണ് ആരിഫിന് പകരക്കാരനായി പിണറായി വിജയന്‍ ഉയര്‍ത്തിക്കാട്ടുന്ന ചന്ദ്രബാബുവെന്നും പറയുന്നു.