17 December, 2019 08:40:23 AM
ഹര്‍ത്താല്‍: അക്രമം, സംഘർഷം; ബസുകൾക്കുനേരെ കല്ലേറ്; മൂന്നൂറോളം പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ പാലക്കാട് സംഘർഷം. കെഎസ്ആര്‍ടിസി ബസുകൾ തടഞ്ഞ 4 പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കടകൾ അടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ച 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ, വാളയാർ, വയനാട് വെള്ളമുണ്ട എന്നിവിടങ്ങളിൽ ബസുകൾക്കുനേരെ കല്ലേറുണ്ടായി. മുന്നൂറോളം പേർ കരുതൽ തടങ്കലിലാണ്. വാളയാറിൽ തമിഴ്നാട് ആർ ടി സി ബസിന് നേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് നടക്കാനിരിക്കുന്ന പി.എസ്.സി, സ്കൂൾ, സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല.
വയനാട്ടിൽ ഇതുവരെ 16 പേർ കരുതൽ തടങ്കലിൽ. കൽപ്പറ്റയിൽ 5 പേരും മേപ്പാടി മുപ്പൈനാട് പുൽപ്പള്ളിയില്‍ 4 പേരും മാനന്തവാടിയില്‍ 6 പേരുമാണ് കസ്റ്റഡിയിലുള്ളത്. തേറ്റമലയിൽ ബസ്സിന് കല്ലേറ്. സംയുക്ത സമിതി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പുൽപ്പള്ളിയിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻകരുതലിന്റെ ഭാഗമായി നാല് എസ്.ഡി.പി.ഐ പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. തേറ്റമല വെള്ളിലാടിയിൽ കെ.എസ്.ആർ.ടിസി ബസ്സിന് കല്ലേറ്. മാനന്തവാടി - കോഴിക്കോട് ബസ്സിന്റെ ചില്ല് തകർന്നു.
ആലുവയിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസിന് നേരെ കല്ലേറുണ്ടായി. ആലുവ ചൊവ്വരയിൽ പുലർച്ചെ കെ.എസ്. ആർ.ടി.സി ബസിന് നേരെ കല്ലേറ് ഉണ്ടായി. എറണാകുളം മുന്നാർ ഫാസ്റ്റിന് നേരെ പുലർച്ചെ 350 നാണ് കല്ലേറുണ്ടായത്. ബസിന്റെ ചില്ല് തകർന്നു. ആലുവ യു സി കോളേജ്, മണലിമുക്ക് അടക്കം പലയിടങ്ങളിലും സ്കൂൾ ബസുകളും കെ.എസ് ആർ ടി സി ബസുകളും തടഞ്ഞു. സർവീസാരംഭിച്ച സ്കൂൾ ബസുകൾ സമരക്കാർ തടഞ്ഞ് മടക്കി അയച്ചു. ആലുവ കെ.എസ് ആർ.ടി സി ഡിപ്പോയിൽ 59 സർവീസുകളിൽ 7 എണ്ണം മാത്രമാണ് സ ർവ്വീസ് നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടില്ല.
മുണ്ടക്കയത്ത് സംഘർഷത്തെ തുടര്‍ന്ന് രണ്ടു പേർ അറസ്റ്റിൽ. എസ്. ഡി.പി ഐ പ്രവർത്തകരായ അൻസാരി, ഷെഫീക് എന്നിവരാണ് അറസ്ററിലായത്. നെടുമങ്ങാട് അഴിക്കോടിന് സമീപം കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ് തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാട്ടിലേക്ക് വന്ന ബസിന് നേരെയാണ് കല്ല് എറിഞ്ഞത്. പേരുർകട ഡിപ്പോയിലെ ബസ് ആണ്.
പാലക്കാട് ഹർത്താലനുകൂലികൾ ട്രാഫിക് ഡിവൈഡറുകൾ മറിച്ചിട്ടു. കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് പ്രകടനം നടത്തിയ സമരക്കാരാണ് ട്രാഫിക് ഡിവൈഡറുകൾ ചവിട്ടി മറിച്ചത്. തുടർന്ന് പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. പതിനഞ്ചോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കണ്ണൂരിൽ 65 പേർ കരുതൽ തടങ്കലിൽ. കാൾടേക്ക്സിൽ ദേശീയ പാത ഉപരോധിച്ച 2 സ്ത്രീകൾ അടക്കമുള്ള 8 വെൽഫയർ പാർട്ടി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മട്ടന്നൂർ പാലോട്ട് പള്ളി മുരിങ്ങോടി എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ടയർ കത്തിച്ചു.