16 December, 2019 04:16:27 PM


നാളെ ഹര്‍ത്താല്‍: രാജ്യവ്യാപക പ്രക്ഷോഭങ്ങളിൽ കണ്ണി ചേരലാകുമെന്ന് സംയുക്തസമിതി



തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെയും എന്‍.ആർ.സിക്കെതിരെയുമുള്ള രാജ്യവ്യാപക പ്രക്ഷോഭങ്ങളിൽ കേരളത്തിന്‍റെ കണ്ണി ചേരലായി നാളത്തെ ഹർത്താൽ മാറുമെന്ന് സംയുക്ത സമിതി നേതാക്കള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ജാമിഅ മില്ലിയ, ജെ.എന്‍.യു, ഹൈദരാബാദ് യൂണിവേഴ്സിറ്റി, അലിഗഢ്, ചെന്നെ ഐ.ഐ.ടി, മുംബൈ ടിസ് അടക്കം രാജ്യ വ്യാപകമായി  നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക കൂടിയാണ് ഈ ഹർത്താലെന്ന് നേതാക്കള്‍ പറഞ്ഞു.


രാജ്യത്തെ പൗരൻമാരെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ജനാധിപത്യ പ്രക്ഷോഭങ്ങളെ പോലീസിനെയും കേന്ദ്ര സേനകളെയും ഉപയോഗിച്ച് ചോരയിൽ മുക്കിക്കൊല്ലാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. വിദ്യാർഥിനികളെ വരെ പൊതുനിരത്തിൽ അക്രമിക്കുകയാണ്. ഈ സമഗ്രാധിപത്യ വാഴ്ചക്കെതിരെ നവോത്ഥാന കേരളത്തിന് ഒരുമിച്ച് പ്രതിഷേധിക്കാനുള്ള സന്ദർഭമാണ് നാളത്തെ ഹർത്താൽ. തികച്ചും ജനാധിപത്യപരവും സമാധാനപരവും ജനകീയവുമായിരിക്കും ഹർത്താലെന്നും ഭരണകൂടവും കേരള പോലീസും സംഘ്പരിവാറും ഹർത്താലിനെതിരെ നടത്തുന്ന കുപ്രചാരണങ്ങളെ കേരള ജനത തള്ളിക്കളയണമെന്നും സമരസമിതി നേതാക്കള്‍ ആഹ്വാനം ചെയ്തു. 


ഹർത്താല്‍ നടത്തുന്ന സംഘടനകളോ അവരുടെ പ്രവർത്തകരോ ഏന്തെങ്കിലും അക്രമ പ്രവർത്തനമോ ബലപ്രയോഗമോ ഹർത്താലിന്‍റെ പേരില്‍ നടത്തില്ല. ദില്ലി മാതൃകയില്‍ സംഘ്പരിവാരും പോലീസും ചേർന്ന് ഈ പ്രക്ഷോഭത്തെ പൈശാചികവൽക്കരിക്കാൻ സാധ്യതയുണ്ട്. കേരള പോലീസിൽ സംഘ്പരിവാറിന്‍റെ സ്വാധീനം എല്ലാവർക്കും അറിയുന്നതാണ്. കൃത്രിമമായി സംഘർഷങ്ങൾ സൃഷ്ടിച്ച്  മറ്റുള്ളവരുടെ മേൽ കെട്ടിവെക്കുക എന്നത് സംഘ്പരിവാറിന്‍റെ സ്ഥിരം രീതിയാണ്. കുമ്മനം രാജശേഖരന്റെ പ്രസ്താവനയിൽ ഇതിന്റെ ദുസ്സൂചനയുണ്ടെന്നും അങ്ങനെ വല്ലതും സംഭവിച്ചാൽ പോലീസിനും സർക്കാരിനും ആയിരിക്കും അതിന്റെ ഉത്തരവാദിത്വമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.


ശബരിമല തീർത്ഥാടകർക്ക് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാകില്ല. റാന്നി താലൂക്കിനെ സമ്പൂർണമായി ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തിര ആവശ്യങ്ങൾക്കോ ഒരു തടസ്സവുമുണ്ടാകാത്ത വിധത്തിലാകും ഹർത്താൽ നടക്കുക. എന്‍.ആർ.സി, പൗരത്വ ഭേദഗതി നിയമം എന്നിവക്കെതിരെയുള്ള കേരളത്തിന്‍റെ ശക്തവും ജനാധിപത്യപരവുമായ താക്കീതായി ഡിസംബർ 17ലെ ഹർത്താലിനെ മാറ്റിയെടുക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് നേതാക്കള്‍ അഭ്യർഥിച്ചു.


വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീക്ക്, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്റഫ് മൗലവി, ബി.എസ്.പി സംസ്ഥാന സെക്രട്ടറി മുരളി നാഗ, ഡി.എച്ച്.ആര്‍.എം. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡണ്ട് സജി കൊല്ലം, മൈനോറിറ്റി റൈറ്റ്സ് വാച്ച് നേതാവ് അഡ്വ. ഷാനവാസ്, സംയുക്ത സമിതി പ്രചരണ വിഭാഗം കണ്‍വീനര്‍ ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K