15 December, 2019 01:36:31 PM


ഇനി മടക്കാനാവില്ല; കോടതിയില്‍ നിന്ന് സമന്‍സ് വാട്‌സാപ് വഴിയുമെത്തും



തിരുവനന്തപുരം: കോടതികളില്‍നിന്നുള്ള സമന്‍സ് ഇനി വാട്‌സാപ് വഴിയുമെത്തും. കോടതിനടപടി അറിയിക്കാനും സമന്‍സ് കൈമാറാനും സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാനും തീരുമാനമായി. ഹൈക്കോടതി ജഡ്ജിമാരും രജിസ്ട്രാറും ഡി.ജി.പിയും ആഭ്യന്തരവകുപ്പിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ജഡ്ജിമാരുമടങ്ങുന്ന സംസ്ഥാന കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റിയുടെയാണ് തീരുമാനം. 


സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിലൂടെ മേല്‍വിലാസം തെറ്റി ആളില്ലാതെ സമന്‍സ് മടങ്ങുന്ന പ്രശ്‌നങ്ങളും സമയനഷ്ടങ്ങളുമെല്ലാം പരിഹരിക്കാനാവും. വാട്‌സാപ്പിനുപുറമേ, എസ്.എം.എസ്., ഇ-മെയില്‍ വഴിയും നടപടി നടത്താം. ഇതിനായി ക്രിമിനല്‍ നടപടിചട്ടം 62-ാം വകുപ്പ് ഭേദഗതി ചെയ്യും. ഇക്കാര്യം ഹൈക്കോടതി സര്‍ക്കാരിനെ അറിയിക്കും. തീര്‍പ്പാക്കാതെ കിടക്കുന്ന കേസുകള്‍ വേഗംതീര്‍പ്പാക്കാന്‍ ജില്ലാകളക്ടര്‍മാരെ പങ്കാളികളാക്കാനും തീരുമാനിച്ചു. പഴയകേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ എല്ലാമാസവും ജില്ലാ ജഡ്ജിയും കളക്ടറും ജില്ലാ പോലീസ് മേധാവിയും യോഗം ചേരും.


രണ്ടുവര്‍ഷമെങ്കിലുമായ പെറ്റിക്കേസുകള്‍ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ജഡ്ജി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകയോഗം ചേര്‍ന്ന് വേഗം തീര്‍പ്പാക്കും. രണ്ടുവര്‍ഷത്തിനിടയില്‍ പലവട്ടം വാറന്റ് ഇറക്കിയിട്ടും കോടതിയില്‍ ഹാജരാകാത്തവരുടെ വിവരങ്ങള്‍ ജനുവരി 31-നകം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറാനും തീരുമാനിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K