15 December, 2019 11:50:01 AM
പൗരത്വ ബിൽ: 17 ന് നടത്താനിരുന്ന ഹർത്താലില്‍ നിന്നും പിന്‍വലിഞ്ഞ് സംഘടനകള്‍
കോഴിക്കോട്: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും എൻ.ആർ.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 17 ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന ഹർത്താലില്‍ നിന്നും ആഹ്വാനം ചെയ്ത പല സംഘടനകളും പിൻവലിഞ്ഞു. ഈ സംഘടനകളുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്ന് ഹര്‍ത്താല്‍ പിന്‍വലിച്ചതായ അറിയിപ്പുമായി രംഗത്തെത്തി. രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായാണ് പ്രസ്താവന.
ഹർത്താൽ നടത്തുന്നതിന് 7 ദിവസം മുമ്പ് കോടതിയിൽ അപേക്ഷ നൽകി അതിനുള്ള അനുമതി ഹൈക്കോടതിയിൽ നിന്ന് ലഭിക്കണമെന്ന നിയമം നിലനിൽക്കുന്നതിനാലാണ് ഹർത്താൽ ഉപേക്ഷിച്ചതെന്നാണ് ഇവര്‍ അറിയിച്ചത്. പൗരത്വത്തിന്‍റെ പേരിൽ നടത്തുന ഹർത്താലിനെതിരെ പല മുസ്ലിം സംഘടനകളും എതിർപ്പ് പ്രഘടിപ്പിച്ചിരുന്നു. ഹർത്താൽ നടത്തുന്നതിലൂടെ ജനകീയ പിന്തുണ നഷ്ടപ്പെടുമെന്നും യോഗത്തിൽ വിലയിരുത്തി. ഇതേ തുടർന്നാണ് ഹർത്താൽ പിൻവലിക്കാൻ തീരുമാനിച്ചത്.
ബി.ജെ.പി സർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എൻ.ആർ.സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകൾക്ക് അതീതമായ ഭരണഘടന നിർവചിച്ച ഇന്ത്യൻ പൗരത്വം മുസ്‍ലികൾക്ക് നിഷേധിക്കുക എന്ന ആര്‍.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളതെന്ന് ആരോപിച്ചാണ് വിവിധ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തത്.
ഇതിനിടെ , ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും കക്ഷിനേതാക്കളും ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കും.
ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നത്. സാംസ്കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ടികളിലും സംഘടനകളിലും പെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകും.