13 December, 2019 03:35:53 PM


'മുഖ്യമന്ത്രിയുടെ നുണവിത്ത് ഈ നാട്ടില്‍ മുളക്കില്ല': പൗരത്വബില്ലില്‍ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രന്‍



തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രന്‍. പാര്‍ലമെന്‍റ് പാസാക്കിയ നിയമം നടപ്പാക്കുന്നതില്‍ നിന്ന് രാജ്യത്തെ ഒരു സംസ്ഥാനത്തിനും മാറി നില്‍ക്കാനാകില്ലെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ പറയുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ തന്‍റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ നുണവിത്ത് ഈ നാട്ടില്‍ മുളക്കില്ല എന്ന അടിക്കുറിപ്പോടെ പിണറായി വിജയന്‍റെ ചിത്രം സഹിതമാണ് ശോഭാ സുരേന്ദ്രന്‍റെ കുറിപ്പ്. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ചുവടെ.


"പാര്‍ലമെന്‍റ് പാസാക്കിയ നിയമം നടപ്പാക്കുന്നതില്‍ നിന്ന് രാജ്യത്തെ ഒരു സംസ്ഥാനത്തിനും മാറി നില്‍ക്കാനാകില്ലെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരത്വനിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല എന്ന് പറയുന്നത്. ഇല്ലാത്ത അധികാരം ഉണ്ടെന്നു വരുത്താന്‍ നുണ പറയുന്നു. പക്ഷേ, സത്യം മറച്ചുവച്ച് ആളുകളെ കബളിപ്പിക്കുന്ന ഈ പിണറായിലൈന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പദവിക്കു നിരക്കാത്തതാണ് എന്നോര്‍ക്കണം. ഒരേസമയം അദ്ദേഹം പാര്‍ലമെന്‍റിനെയും കേരളത്തിലെ ജനങ്ങളെയും പരിഹസിക്കുകയാണ്. കേരളം ഇന്ത്യയിലാണ്; മറിച്ച്, ഇന്ത്യ കേരളത്തിലല്ല. അത് മനസ്സിലാക്കി വേണം ഇത്തരം സുപ്രധാന വിഷയങ്ങളിലെങ്കിലും മുഖ്യമന്ത്രി പരസ്യമായി നിലപാടെടുക്കാന്‍. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല എന്നാണ് അദ്ദേഹം വാചകമടിക്കുന്നത്. ഈ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന് ഏതെങ്കിലും കോടതി പറഞ്ഞോ? ലോക്‌സഭയും രാജ്യസഭയും പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്ത നിയമത്തെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന ബോധം ഉള്ളത് നല്ലതാണ്. കേരളത്തില്‍ ഒരാളെപ്പോലും ബാധിക്കുന്നതല്ല ഈ നിയമം എന്ന് എല്ലാവര്‍ക്കും നന്നായി മനസ്സിലാകും. രാജ്യത്തു തന്നെ നിയമവിരുദ്ധമായി താമസിക്കുന്ന നുഴഞ്ഞുകയറ്റക്കാര്‍ മാത്രമാണ് ഭയക്കേണ്ടത്. ഇത് ഇന്ത്യക്കാര്‍ക്കെതിരായ നിയമമേയല്ല. പിണറായിയും പാര്‍ട്ടിയും എറിയാന്‍ ശ്രമിക്കുന്ന നുണവിത്ത് ഈ നാട്ടില്‍ മുളയ്ക്കാന്‍ പോകുന്നില്ല."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K