08 December, 2019 10:08:21 PM
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍: കോര്‍ കമ്മിറ്റി യോഗത്തിലും തീരുമാനമായില്ല; കേന്ദ്രം ഇടപെട്ടേക്കും
കൊച്ചി: പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലും തീരുമാനമായില്ല. പി.എസ്. ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണറായതോടെയാണ് പുതിയ പ്രസിഡന്റിനെ തേടേണ്ടിവന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നത്. കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം ഉണ്ടാകാത്തതിനാല്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടുമെന്നാണ് സൂചന.
ആര്‍.എസ്.എസ് നേതൃത്വത്തിന്‍റെ അഭിപ്രായംകൂടി കണക്കിലെടുത്താകും സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ അന്തിമ തീരുമാനം. പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിെല അഭിപ്രായഭിന്നതയാണ് തീരുമാനം വൈകാന്‍ കാരണം. കെ. സുരേന്ദ്രനെ പ്രസിഡന്‍റാക്കണമെന്ന നിലപാടില്‍ മുരളീധരന്‍ പക്ഷവും എം.ടി. രമേശ് മതിയെന്ന വാദത്തില്‍ കൃഷ്ണദാസിനെ അനുകൂലിക്കുന്നവരും ഉറച്ചുനില്‍ക്കുകയാണ്. ഒ. രാജഗോപാല്‍ അടക്കം ഏതാനും മുതിര്‍ന്ന നേതാക്കളാണ് ശോഭ സുരേന്ദ്രനെ നിര്‍ദേശിക്കുന്നത്.
അധ്യക്ഷസ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കങ്ങളിലെന്ന് യോഗത്തിനുശേഷം എം.ടി. രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഘടന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസമാണ് തീരുമാനം വൈകാന്‍ കാരണം.സംഘടന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ താഴെതലം മുതല്‍ ആരംഭിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ അറിയിച്ചു. ഈ മാസം 21, 22 തീയതികളില്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് നടക്കും. 30ന് ജില്ലാ പ്രസിഡന്‍റുമാരെ തീരുമാനിക്കും.
ജനുവരി രണ്ടാം വാരത്തോടെ അധ്യക്ഷന്‍ ഉള്‍പ്പെടെ സംസ്ഥാന സമിതി നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 ഭരണദിനമായി ആചരിക്കും. കോര്‍ കമ്മിറ്റിക്കുശേഷം സംസ്ഥാനസമിതി യോഗവും നടന്നു. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, സംസ്ഥാന ഭാരവാഹികള്‍, ജില്ല പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.