07 December, 2019 02:30:54 PM
ജപ്പാന്‍, കൊറിയ സന്ദര്‍ശനം വിജയം; നൂറു കണക്കിനു കോടി രൂപയുടെ നിക്ഷേപം എത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജപ്പാന്‍, കൊറിയ സന്ദര്‍ശനങ്ങള്‍ വന്‍ വിജയമായിരുന്നുവെന്നും നൂറുകണക്കിനു കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാനിലെ ആദ്യ യോഗത്തില്‍തന്നെ 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജപ്പാനിലെ ചില കമ്പനികള്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ജപ്പാനില്‍ നല്ല മതിപ്പാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തോഷിബയുമായി സാങ്കേതിക കൈമാറ്റത്തിന് ധാരണയായിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനവുമായി ചേര്‍ന്ന് തോഷിബ ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് ബാറ്ററി നിര്‍മിക്കും. ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് സന്ദര്‍ശനം ഗുണം ചെയ്യും. കേരളത്തിലെ യുവജനതയെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു യാത്രയായിരുന്നു. യാത്രയിലെ ഓരോ കൂടിക്കാഴ്ചയും യുവാക്കള്‍ക്ക് ഗുണകരമാകുമെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍. സാങ്കേതിക വിദ്യയിലും അതിലധിഷ്ഠിതമായ വ്യവസായങ്ങളില്‍ ലോകത്തിലെ മുന്‍നിരയിലുള്ള രാജ്യവുമാണ്. ഈ രണ്ട് കാര്യങ്ങളും കേരളത്തിന് ഏറ്റവും അനുയോജ്യമായതാണ്. ഇവ കൂടുതലായി കേരളത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിനാണ് ശ്രമിച്ചത്.
നാടിന്‍റെ വികസനം സര്‍ക്കാരിന് നോക്കാതിരിക്കാന്‍ സധിക്കില്ല. വിദേശയാത്രയെ പ്രതിപക്ഷം ഉല്ലാസയാത്രയെന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ച് താനെന്ത് പറയാനാണെന്നും അദ്ദേഹം ചോദിച്ചു. എന്തിനെയും എതിര്‍ക്കുക എന്നതാണ് പ്രതിപക്ഷം ചെയ്യുന്നത്. മന്ത്രിമാര്‍ക്കൊപ്പം പോയ കുടുംബാംഗങ്ങളുടെ ചെലവ് സര്‍ക്കാരല്ല വഹിക്കുന്നത്. അതിന്‍റെ അവസ്ഥ തങ്ങള്‍ക്കില്ല -മുഖ്യമന്ത്രി വ്യക്തമാക്കി