06 December, 2019 05:53:21 AM
15ല്‍ ഒന്നു പോലും തരില്ല; ജോസിനെതിരേ നിലപാട് കടുപ്പിച്ച് ജോസഫ്; കുരുക്കിലായി യു.ഡി.എഫ്
കോട്ടയം: യു.ഡി.എഫിന്റെ സമവായ ശ്രമങ്ങളെ തള്ളി പി.ജെ ജോസഫ് കടുത്ത നിലപാടിലേക്ക്. കേരള കോണ്‍ഗ്രസ് (എം) ന്റെ 15 നിയമസഭാ സീറ്റുകളില്‍ ഒന്നു പോലും ജോസ് കെ. മാണി വിഭാഗം മോഹിക്കേണ്ടെന്ന മുന്നറിയിപ്പുമായി പി.ജെ ജോസഫ്. യു.ഡി.എഫ് നേതൃത്വം ഇരുവിഭാഗത്തെയും യോജിപ്പിന്റെ വഴിയില്‍ എത്തിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് ജോസഫും കൂട്ടരും കടുത്ത നിലപാടിലേക്ക് എത്തിയത്.
യു.ഡി.എഫില്‍ ഉള്ളത് കേരള കോണ്‍ഗ്രസ് (എം) മാത്രമാണെന്നും പാര്‍ട്ടി വിട്ടവര്‍ തിരികെ വന്നാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നും ജോസഫും കൂട്ടരും വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നടത്തുന്ന സമവായ ശ്രമത്തെ തള്ളിക്കളയാതെ തന്നെയാണ് ജോസഫും സംഘവും നിലപാട് കടുപ്പിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) ലെ പി.ജെ ജോസഫിന്റെ നേതൃത്വം അംഗീകരിച്ചുള്ള ചര്‍ച്ചകള്‍ക്കു മാത്രം ഇനി വഴങ്ങിയാല്‍ മതിയെന്ന നിലപാടിലേക്കും എത്തി.
ജോസഫിന്റെയും കൂട്ടരുടെയും പുതിയനീക്കം യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കും. രണ്ടു പാര്‍ട്ടികളായി ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങളെ യു.ഡി.എഫില്‍ നിലനിര്‍ത്താന്‍ മുന്നണി നേതൃത്വം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. മുന്നണി വിടില്ലെന്ന ഉറപ്പ് ഇരുവിഭാഗവും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിരുന്നു. കൂടുതല്‍ നിയമസഭാ സീറ്റുകള്‍ വിട്ടുകൊടുക്കാതെ നിലവിലെ 15 സീറ്റുകള്‍ വീതം വയ്ക്കുക എന്നതായിരുന്നു മുന്നണി നേതൃത്വം മുന്നോട്ടുവച്ച സമവായശ്രമം. ഈ നീക്കത്തിനെതിരേയാണ് ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചത്.
താന്‍ നയിക്കുന്നതാണ് യഥാര്‍ഥ കേരള കോണ്‍ഗ്രസ് (എം) എന്നതിനാല്‍ 15 സീറ്റും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന കടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പി.ജെ ജോസഫ്. കോടതികളില്‍ നല്‍കിയ കേസുകളില്‍ എല്ലാം ജോസ് കെ. മാണി വിഭാഗം തിരിച്ചടികള്‍ നേരിട്ടതോടെയാണ് ജോസഫ് നിലപാട് കടുപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ഉറച്ച പ്രതീക്ഷയാണ് ജോസഫ് വിഭാഗം പ്രകടിപ്പിക്കുന്നത്.