03 December, 2019 03:23:18 PM
പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി: കടകംപള്ളി, മൊയ്തീന്‍, രാമകൃഷ്ണന്‍ എന്നിവര്‍ പുറത്തേക്ക്
തിരുവനന്തപുരം: പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്‍ക്കാര്‍ അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭയുടെ മുഖം മിനുക്കാന്‍ ആലോചന നടക്കുന്നതായാണറിയുന്നത്. അഞ്ചു പേരെ പുതുതായി കൊണ്ടുവരണം എന്ന താത്പര്യമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചിട്ടുള്ളത്. കുറഞ്ഞ പക്ഷം മൂന്നു പേരെങ്കിലും പുതുതായി മന്ത്രിസഭയില്‍ എത്തിയേക്കും.
എസി മൊയ്തീന്‍, ടി പി രാമകൃഷ്ണന്‍ എന്നിവരെ ഒഴിവാക്കിക്കൊണ്ടാവും പുന:സംഘടനയെന്ന് റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തനരംഗത്തേക്കു മടങ്ങാന്‍ ഇരുവരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം കടകംപള്ളി സുരേന്ദ്രനും ഒഴിവാകുന്നവരുടെ പട്ടികയില്‍ ഉണ്ടാവുമെന്നാണ് സൂചനകള്‍.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കാബിനറ്റില്‍ ഇടം പിടിക്കും. അദ്ദേഹത്തിനു പകരമായി മുതിര്‍ന്ന അംഗങ്ങളായ സുരേഷ് കുറുപ്പോ രാജു അബ്രഹാമോ സ്പീക്കര്‍ ആവും. ഇരുവരും പ്രതിപക്ഷവുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് എന്നതാണ് പാര്‍ട്ടിയുടെ പരിഗണനയിലുള്ളത്.
വനിതാ മന്ത്രിമാരായ കെകെ ശൈലജയുടെയും ജെ മേഴ്‌സിക്കുട്ടിയമ്മയുടെയും സ്ഥാനങ്ങളില്‍ മാറ്റമുണ്ടാവില്ല. മൂന്നാമത്തെ വനിതാ മന്ത്രിയായി അയിഷാ പോറ്റിയും എത്തിയേക്കും. തോമസ് ഐസക്, എംഎം മണി, സി രവീന്ദ്രനാഥ്, കെ ടി ജലീല്‍ എന്നിവര്‍ മന്ത്രിമാരായി തുടരും. ജി സുധാകരനും കാലാവധി പൂര്‍ത്തീകരിക്കും. ഇപി ജയരാജനും എകെ ബാലനും തുടരാനാണ് സാധ്യത.
നിലവില്‍ മുഖ്യമന്ത്രി അടക്കം 20 മന്ത്രിമാരാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന നിയമസഭയുടെ അംഗബലം അനുസരിച്ച് ഒരു മന്ത്രിയെക്കൂടി നിയോഗിക്കാനാവും. കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ 21-ാമനായി എത്തിക്കാന്‍ പിണറായി വിജയനു താത്പര്യമുണ്ടെന്നും എന്‍എസ്‌എസുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കും എന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
കൂടുതല്‍ പേര്‍ പാര്‍ട്ടി പ്രവര്‍ത്തന രംഗത്തേക്കു മടങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കുന്നപക്ഷം യുവ നേതാക്കളായ എം സ്വരാജ്, എഎന്‍ ഷംസീര്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഇടം കണ്ടെത്തിയേക്കും. മുതിര്‍ന്ന നേതാവ് സികെ ശശീന്ദ്രന്‍റെ പേരും പരിഗണിയിലുണ്ടെന്ന് അറിയുന്നു.