02 December, 2019 03:09:43 PM
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് റദ്ദാക്കി ജില്ല സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കും
തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിൽ മടങ്ങിയെത്തിയാൽ കേരള ബാങ്ക് രൂപവത്കരണ തീരുമാനം റദ്ദാക്കി ജില്ല സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാനാണ് നല്ല നിലയിൽ പ്രവർത്തിച്ച സഹകരണ ബാങ്കുകളെ പിരിച്ചുവിട്ട് വാണിജ്യ ബാങ്ക് രൂപവത്കരിക്കുന്നത്.
കേരള ബാങ്കിനുള്ള പ്രാഥമിക നടപടി പൂർത്തീകരിക്കാൻ മാത്രമാണ് ഹൈകോടതി അനുമതി. ബാങ്ക് രൂപവത്കരണത്തിന്റെ ഭരണഘടന സാധുത സംബന്ധിച്ച് കോടതി പരിശോധിച്ചിട്ടില്ല. ബാങ്കിന് ആർ.ബി.ഐ അന്തിമാനുമതി നൽകിയിട്ടുമില്ല. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയാണ്. ഉദ്യോഗസ്ഥതല അഴിമതി സംബന്ധിച്ച് അന്വേഷണത്തിനുള്ള ഫയലുകൾ തീരുമാനമെടുക്കാതെ വിജിലൻസ് മാറ്റിവെച്ചിരിക്കുന്നു. വിലക്കയറ്റംമൂലം ജനം വലയയൂമ്പാഴും സർക്കാറിന്റെ ധൂർത്തിന് കുറവില്ല.
ആവശ്യമെങ്കിൽ സർക്കാറിന് പുതിയ വാണിജ്യ ബാങ്ക് തുടങ്ങാം. എന്നാൽ, അത് സഹകരണ ബാങ്കുകളെ തകർത്തു കൊണ്ടാകരുതായിരുന്നു. 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിൽ കണ്ണുനട്ടാണ് സഹകരണ പ്രസ്ഥാനത്തെ തകർത്ത് വാണിജ്യ ബാങ്ക് രൂപവത്കരിക്കാൻ സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ കെ.പി.സി.സി നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൊലീസ് പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കുന്ന പണം ഉപയോഗിക്കേണ്ടത് ധൂർത്തിനല്ല. മാവോവാദികളുടെ പോരിൽ ലഭിച്ച പണം ഉപയോഗിച്ചാണ് ഹെലികോപ്ടർ വാങ്ങാൻ ഒരുങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഏകദേശം 1000 കോടി രൂപയുടെ ധൂർത്താണ് കഴിഞ്ഞ മൂന്നര വർഷത്തിനിടെ നടന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.