29 November, 2019 05:01:38 PM
നടി ആക്രമിക്കപ്പെട്ട സംഭവം; മെമ്മറി കാര്‍ഡ് നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ആവശ്യപ്രകാരം മെമ്മറി കാര്‍ഡ് നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. നടിയുടെ സ്വകാര്യത മാനിച്ചാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറാത്തതെന്നാണ് കോടതി പറഞ്ഞത്. ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ വിദഗ്ധര്‍ക്കോ പരിശോധിക്കാമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു.
മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ എത്രതവണ വേണമെങ്കിലും ദൃശ്യങ്ങള്‍ പരിശോധിക്കാം. ദൃശ്യങ്ങള്‍ കാണാനായി അപേക്ഷ നല്‍കിയാല്‍ അത് മജിസ്‌ട്രേറ്റ് പരിഗണിക്കണം. പ്രതിഭാഗം ദൃശ്യങ്ങള്‍ പകര്‍ത്തുന്നില്ലായെന്ന് മജിസ്‌ട്രേറ്റ് ഉറപ്പുവരുത്തുകയും വേണം. 58 പേജുകളുള്ള വിധിയാണ് കേസിന്റെ വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്ന പ്രോസിക്യൂഷന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് വിധിയില്‍ പറയുന്നു.