29 November, 2019 03:10:38 PM
സ്ത്രീയായി പോയി അല്ലെങ്കില്‍ തല്ലി ചതച്ചേനെയെന്ന് അഭിഭാഷകര്‍ ; വനിതാ ജഡ്ജിയുടെ മൊഴിപുറത്ത്
തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതിയിലെ വനിതാ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ട സംഭവത്തില്‍ ജഡ്ജിയുടെ മൊഴി പുറത്ത്. 'സ്ത്രീയായി പൊയി, അല്ലെങ്കില്‍ ചേമ്പറില്‍ നിന്ന് പുറത്തിട്ട് തല്ലി ചതച്ചേനെയെന്ന് അഭിഭാഷകര്‍ പറഞ്ഞുവെന്ന് ജഡ്ജി നല്‍കിയ മൊഴിയിലുണ്ട്. തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെപി ജയചന്ദ്രന്‍ അടക്കം കണ്ടലാറിയാവുന്ന പത്ത് അഭിഭാഷകര്‍ക്കെതിരെയാണ് കേസ്.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദീപ മോഹന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വഞ്ചിയൂര്‍പോലീസ് കേസെടുത്തിരിക്കുന്നത്. ഒരിക്കലും ഒരു ജുഡീഷ്യല്‍ ഓഫീസറോട് അഭിഭാഷകന്‍ പെരുമാറാന്‍ പറ്റാത്ത രീതിയിലും കോടതിയുടെ അന്തസിന് നിരക്കാത്ത രീതിയിലുമാണ് അഭിഭാഷകര്‍ തന്നോട് പെരുമാറിയതെന്നും മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ പറയുന്നു.
അപകടക്കേസിലെ സാക്ഷിയെ പ്രതി ഭീഷണിപ്പെടുത്തി. ഇക്കാര്യം സാക്ഷി തന്നെ കോടതിയില്‍ വ്യക്തമാക്കിയതോടെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. ഈ ഉത്തരവ് തിരുത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ തനിക്ക് നേരെ പ്രകോപിതരായി എത്തുകയായിരുന്നുവെന്ന് ജഡ്ജി പോലീസിനോട് പറഞ്ഞു.