28 November, 2019 10:28:03 AM


മൂന്നാറിൽ ഭൂമി: രാജസ്ഥാൻ സ്വദേശിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയ ഏഴംഗ സംഘം അറസ്റ്റിൽ




അടിമാലി: മൂന്നാറിൽ ഭൂമി വാങ്ങി നൽകാമെന്ന് പറഞ്ഞ് രാജസ്ഥാൻ സ്വദേശിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത 7 പേരെ അടിമാലി പൊലീസ് അറസ്റ്റു ചെയ്തു. പ്രതികളിൽ നിന്ന് തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങളും കണ്ടെത്തി. ഇടുക്കി സ്വദേശികളായ മജീദ്, ജോമോൻ, രാജേഷ്, സോജി, പറവൂർ സ്വദേശി ജോസ്, തിരുവനന്തപുരം സ്വദേശി എ കെ മൻസിൽ, എറണാകുളം സ്വദേശി നൗഫൽ എന്നിവരാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. കൂട്ടുപ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി.

രാജസ്ഥാൻ സ്വദേശിയും എറണാകുളം കടവന്ത്രയിലെ കംപ്യൂട്ടർ ബിസിനസുകാരനുമായ ദീപക്കാണ് ഇവരുടെ കെണിയിൽപെട്ടത്. മൂന്നാറിൽ ഭൂമി വാങ്ങാൻ സമീപിച്ച ദീപക്കിനെ പ്രതികൾ, മൂന്നാർ പള്ളിവാസലിനടുത്ത് സെൻറ് ജൂഡ് പള്ളിയുടെ ഭൂമി ലഭ്യമാണെന്ന് പറഞ്ഞു സ്ഥലം കാണുന്നതിനായി അടിമാലിയിലെത്തിച്ചു. പള്ളി വാസലിലെ ചില സ്ഥലങ്ങൾ കാണിച്ചു കൊടുത്തു.


ഈ സമയം മജീദ് മലപ്പുറം സ്വദേശിയാണെന്നാണ് പരിചയപ്പെടുത്തിയത്. ബേസിൽ പള്ളിയിലെ സഹവികാരിയാണെന്നും ധരിപ്പിച്ചു. തുടർന്ന് മൂന്ന് പേരോടൊപ്പം ദീപക് 30 ലക്ഷം രൂപയുമായി അടിമാലിയിലെത്തി. ചൊവ്വാഴ്ച രാത്രി ഇവരെ സെന്റ് ജൂഡ് പള്ളിയ്ക്ക് സമീപം എത്തിച്ചു. വികാരി തിരക്കിലാണെന്ന് പറഞ്ഞ് മജീദും, ബേസിലും ചേർന്ന് ദീപക്കിനെ ബൈക്കിൽ കയറ്റി മുനിത്തണ്ട് ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ദീപക്കിനെ ആക്രമിച്ച് കീഴ്പ്പെടുത്തി 30 ലക്ഷമടങ്ങിയ ബാഗുമായി പ്രതികൾ കടന്നു. ടൗണിലെത്തിയ ദീപക് കൂട്ടുകാരുമായി ചേർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.


ടൗണിലെ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. തോക്കുപാറയിലെത്തി മജീദിനെ വീട്ടിൽ നിന്നും പിടികൂടി. ഇയാളുടെ വീട്ടിൽ നിന്ന് 22.5 ലക്ഷം രൂപ കണ്ടെടുത്തു. മജിദിൽ നിന്നും കൂടുതൽ പ്രതികളെക്കുറിച്ച് പൊലീസ് മനസിലാക്കി. അടിമാലി സ്വദേശി ബേസിൽ, സണ്ണി എന്നിവർ ഒഴികെ മുഴുവൻ പ്രതികളെയും പിടികൂടി കഴിഞ്ഞു..



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K