27 November, 2019 03:40:39 PM
പ്രതിയുടെ ജാമ്യം റദ്ദാക്കി; വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞുവെച്ചു
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞുവെച്ചു. വാഹനാപകടക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കിയതിന്‍റെ പേരിലാണ് വനിതാ മജിസ്ട്രേറ്റിനെ ചേംബറില്‍ തടഞ്ഞത്. വാഹനാപകട കേസിലെ പ്രതി പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ മണി ഭീഷണിപ്പെടുത്തിയതായി സാക്ഷി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രതിയുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ മജിസ്‌ട്രേറ്റ് ദീപ മോഹനന്‍ ഉത്തരവിട്ടത്.
തന്‍റെ ചേംബറില്‍ കയറി അഭിഭാഷകര്‍ പ്രതിഷേധിച്ചതില്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്കെതിരെ മജിസ്‌ട്രേറ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി എഴുതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് അഭിഭാഷകര്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധികളെ കൂട്ടിവന്ന് മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. മജിസ്ട്രേട്ടിനെ ഒരു വിഭാഗം അഭിഭാഷകരും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും ചേർന്നു പിന്നീടു മോചിപ്പിച്ചു.