24 November, 2019 11:20:03 PM
കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്: ഗുരുതര വീഴ്ച; തുടരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായതായും തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ തുടരന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സോഫ്റ്റ് വെയര്‍ തകരാറാണ് പിശകിന് കാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടില്ല. മോഡറേഷനുമായി ബന്ധപ്പെട്ടു സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ അടക്കം ഗുരുതര വീഴ്ച സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി.
വീഴ്ചകള്‍ മറയാക്കി എത്രപേര്‍ക്ക് മാര്‍ക്ക് കൂടുതല്‍ ലഭിച്ചുവെന്ന് കണ്ടെത്തുന്നതിന് കൂടുതല്‍ അന്വേഷണം വേണമെന്നും സിറ്റി പൊലീസ് കമീഷണര്‍ എം.ആര്. അജിത്ത് കുമാറിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. സോഫ്റ്റ്വെയറിലെ തകരാറാണ് മോഡറേഷന് നല്‍കിയതില്‍ പിശകുണ്ടാകുന്നതിനു കാരണമായതെന്നാണ് സര്‍വകലാശാല നിയോഗിച്ച രണ്ട് അന്വേഷണ സമിതികളും കണ്ടെത്തിയത്. എന്നാല്‍, മോഡറേഷന് വിവാദത്തിന്റെ ഉറവിടമായ ഇ.എസ് സെക്ഷനിലാണ് പ്രധാനമായും തിരിമറി നടന്നിരിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.
ഇവിടെ ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക കമ്ബ്യൂട്ടറുകള്‍ അനുവദിച്ചിട്ടില്ല. ജീവനക്കാര്‍ മാറിമാറി കമ്ബ്യൂട്ടര്‍ ഉപയോഗിക്കുകയാണ്. ക്രമക്കേടുണ്ടായാല്‍ ആരാണ് നടത്തിയതെന്ന് കണ്ടെത്താന്‍ കഴിയില്ല. മോഡറേഷന് മാര്‍ക്ക് അനുവദിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് പോലും പ്രത്യേകം കമ്ബ്യൂട്ടര്‍ നല്‍കിയിട്ടില്ല. ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐഡിയും പാസ്വേഡും മറ്റ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന അവസ്ഥയാണുള്ളത്. ഇതു കണ്ടെത്താന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.ജി.പിയുടെ അനുമതി ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും.