24 November, 2019 07:29:20 PM
വാഹന ഇന്‍ഷ്വറന്‍സ് പോളിസിയിലും വ്യാജന്‍: കമ്പനിയുടെ പരാതി സ്വീകരിക്കാതെ പോലീസ്
- എം.പി.തോമസ്
കോട്ടയം: വാഹനത്തിന്‍റെ ഇന്‍ഷ്വറന്‍സ് പോളിസിയിലും വ്യാജന്‍. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെ ന്യൂ ഇന്ത്യാ അഷ്വറന്‍സ് ഓഫീസിലാണ് വ്യാജ പോളിസി രേഖയുമായി ഒരാള്‍ ഇന്‍ഷ്വറന്‍സ് ഇടപാടുകള്‍ക്ക് എത്തിയത്. മറ്റൊരാളില്‍ നിന്നും വാങ്ങിയ വാഹനത്തിന്‍റെ പോളിസി തന്‍റെ പേരിലേക്ക് മാറ്റുവാന്‍ എത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് വാഹനഉടമയും അറിയുന്നത്. ഇതു സംബന്ധിച്ച് നല്‍കിയ പരാതിയാകട്ടെ തങ്ങളുടെ അധികാരപരിധിയല്ലെന്ന് പറഞ്ഞ് പോലീസ് തഴഞ്ഞു.
മലപ്പുറം സ്വദേശിയുടെ പക്കല്‍നിന്നും ഈരാറ്റുപേട്ട സ്വദേശിയായ ഇടപാടുകാരന്‍ മുഖേന കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ആഴ്ചകള്‍ക്ക് മുമ്പ് വാങ്ങിയ ഐഷര്‍ വാഹനത്തിന്‍റെ പോളിസിയാണ് വ്യാജനെന്ന് കണ്ടെത്തിയത്. വാഹനം വാങ്ങിയ പിന്നാലെ ഇദ്ദേഹം ആര്‍ ടി ഓഫീസിലെത്തി ഉടമസ്ഥാവകാശം തന്‍റെ പേരിലേക്ക് മാറ്റുകയും ചെയ്തു. വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറി 14 ദിവസത്തിനകം ഇന്‍ഷ്വറന്‍സും പുതിയ ഉടമയുടെ പേരിലേക്ക് മാറ്റണമെന്നുള്ളതുകൊണ്ടാണ് ഇദ്ദേഹം ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയുടെ ഏറ്റുമാനൂര്‍ ശാഖയില്‍ എത്തിയത്.
പഴയ പോളിസി രേഖയുടെ പകര്‍പ്പുമായെത്തിയ ഇദ്ദേഹത്തിന്‍റെ പേരിലേക്ക് ഇന്‍ഷ്വറന്‍സ് മാറ്റുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇങ്ങനെയൊരു പോളിസി കമ്പനി നല്‍കിയിട്ടില്ലെന്ന് വ്യക്തമാകുന്നത്. കട്ടപ്പന ശാഖയില്‍ നിന്നും നല്‍കിയതെന്ന രീതിയില്‍ വ്യാജമായി നിര്‍മ്മിച്ചതാണ് ഈ രേഖയെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 48000 രൂപ പ്രീമിയം അടച്ചതായാണ് പോളിസി രേഖയില്‍ കാണിച്ചിട്ടുള്ളത്.
ഇതേ തുടര്‍ന്നാണ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഏറ്റുമാനൂര്‍ ശാഖാ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. പക്ഷെ സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. വ്യാജ പോളിസി നല്‍കിയിരിക്കുന്നത് ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ കട്ടപ്പന ഓഫീസ് വിലാസത്തില്‍ ആയതിനാല്‍ പരാതി കട്ടപ്പന സ്റ്റേഷനില്‍ നല്‍കണമെന്നായിരുന്നു ഏറ്റുമാനൂര്‍ പോലീസ് നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് കമ്പനിയുടെ ഏറ്റുമാനൂര്‍ ശാഖാ അധികൃതര്‍ തുടര്‍നടപടികള്‍ക്കായി കട്ടപ്പന ഓഫീസിലേക്ക് വിവരം അറിയിച്ചിരിക്കുകയാണ്.
വ്യാജ പോളിസി കണ്ടെത്തിയ സ്ഥിതിയ്ക്ക് വാഹന ഉടമകള്‍ പ്രത്യേകിച്ചും സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്നവര്‍ ഇന്‍ഷ്വറന്‍സ് കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇടപാടുകള്‍ നടത്താവു എന്ന് ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.