22 November, 2019 07:16:58 AM
മടക്കിവിളിച്ച് സര്‍ക്കാര്‍, വരുന്നില്ലെന്ന് സ്വാമി: കേരളാ കേഡറിലേക്കു മടങ്ങാനില്ലെന്ന് രാജു നാരായണ സ്വാമി
തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്‌ഥന്‍ രാജു നാരായണസ്വാമിയോടു തിരികെ കേരളാ കേഡറില്‍ ജോലിയില്‍ പ്രവേശിക്കണമെന്നു സര്‍ക്കാര്‍. തല്‍ക്കാലം നിര്‍വാഹമില്ലെന്നു സ്വാമി. മദ്രാസ് ഹൈക്കോടതിയില്‍ സര്‍വീസ് സംബന്ധമായ കേസുള്ളതിനാല്‍ കേരളാ കേഡറിലേക്കു മടങ്ങാനാവില്ലെന്നാണു സ്വാമിയുടെ മറുപടി. നാളികേര വികസന ബോര്‍ഡ് ഡയറക്‌ടറായിരിക്കേ സ്വാമിക്കെതിരേ കേന്ദ്രം നടപടിയെടുത്തിരുന്നു. എന്നാല്‍, അഴിമതിക്കെതിരേ നിലപാടെടുത്ത തന്നെ നിയമവിരുദ്ധമായി പുറത്താക്കിയെന്നാരോപിച്ച് അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
കേന്ദ്ര സര്‍വീസില്‍നിന്നു വിടുതല്‍ നേടിയാല്‍ നിശ്‌ചിതസമയത്തിനുള്ളില്‍ തിരികെ സംസ്‌ഥാന കേഡറില്‍ പ്രവേശിക്കണമെന്നാണു ചട്ടം. അതനുസരിച്ചാണു സംസ്‌ഥാനസര്‍ക്കാരിന്‍റെ നിര്‍ദേശം. എന്നാല്‍, കേരളാ കേഡറില്‍ പ്രവേശിച്ചാല്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാനുള്ള സാധ്യത മങ്ങുമെന്നു ചൂണ്ടിക്കാട്ടി സ്വാമി സര്‍ക്കാരിനു കത്ത് നല്‍കി. രാജു നാരായണസ്വാമിക്കു നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാനുള്ള തീരുമാനം വിവാദമായതോടെ അതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മടക്കിയിരുന്നു