20 November, 2019 10:08:35 PM
സിസ്റ്റര്‍ അഭയ മരിച്ചത് തലക്കേറ്റ ക്ഷതം മൂലം: ആത്മഹത്യയുടെ ലക്ഷണവും ഇല്ല; നിര്‍ണായകമൊഴി
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ വധക്കേസില്‍ നിര്‍ണായക സാക്ഷിമൊഴി. അഭയ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമാണെന്ന് ഫോറന്‍സിക് വിദഗ്ധന്‍ വി. കന്തസ്വാമിയാണ് കോടതിയില്‍ മൊഴി നല്‍കിയത്. അഭയയുടെ ശരീരത്തില്‍ ആത്മഹത്യയുടെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. അഭയയുടെ തലയില്‍ ആറ് മുറിവുകളുണ്ടായിരുന്നു. തലയോട്ടിയുടെ മധ്യ ഭാഗത്തേറ്റ മുറിവാണ് മരണ കാരണം. കൈക്കോടാലി പോലുള്ള ആയുധംകൊണ്ടുള്ള ശക്തമായ അടിയാകാം മുറിവിന് കാരണമെന്നും കന്തസ്വാമി മൊഴി നല്‍കി.
സി.ബി.ഐ കേസ് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് അഭയയുടെ മരണം കൊലപാതകമാണെന്ന തരത്തില്‍ അന്വേഷണം നടന്നത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെണ്‍ത് കോണ്‍വന്‍റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ്അന്വേഷിച്ചു.അഭയ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസിന്റേയും ക്രൈംബ്രാഞ്ചിന്‍റേയും കണ്ടെത്തല്‍. 2009ലാണ് സി.ബി.ഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
സി.ബി.ഐ പ്രതിപ്പട്ടികയില്‍ ചൂണ്ടിക്കാട്ടിയിരുന്ന രണ്ടു പേരെ കോടതി ഒഴിവാക്കുകയും രണ്ടു പേര്‍ മരിക്കുകയും ചെയ്തു. ഇപ്പോള്‍ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് വിചാരണ നേരിടുന്നത്. കേസില്‍ 177 സാക്ഷികളെയാണ് കോടതി മുമ്പാകെ വിസ്തരിക്കുന്നത്.