19 November, 2019 08:00:37 AM
പൂവാലനായി ഏമാൻ, പൊറുതിമുട്ടി വനിതാ പോലീസ്; ഉദ്യോഗസ്ഥനെ പറപ്പിച്ച് ജില്ലാ പോലീസ് മേധാവി
തിരുവനന്തപുരം: വനിതാ പോലീസുകാരെ പൊറുതിമുട്ടിച്ച് പൂവാലശല്യം. അതും സംസ്ഥാനത്തെ ഒരു റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍! പൂവാലനായി രംഗപ്രവേശം ചെയ്തതാകട്ടെ ഒരു 'ഏമാന്‍' തന്നെ. ഗതി മുട്ടിയപ്പോള്‍ അവസാനം ഉദ്യോഗസ്ഥനെ പറപ്പിച്ചു. എട്ടു ജില്ലയ്ക്കപ്പുറത്തേക്ക്. ഒരു തെക്കന്‍ ജില്ലയിലെ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു നടപടി.
മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്റെ പെരുമാറ്റമാണു പോലീസ് സേനയ്ക്കു നാണക്കേടായത്. അഞ്ചു വര്‍ഷം മുമ്പ് ഇതേ കാരണത്താല്‍ സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന്‍ പ്രമോഷനോടെ തിരിച്ചെത്തിയാണു ''വികൃതി'' തുടര്‍ന്നത്. വനിതാ പോലീസുകാരടക്കം ആവലാതി പറയുന്നുണ്ടായിരുന്നെങ്കിലും രേഖാമൂലം പരാതി നല്‍കാന്‍ ആരും തയാറായില്ല. സ്വമേധയാ കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവി ആലോചിച്ചെങ്കിലും മൊഴി നല്‍കാനും ആളുണ്ടായില്ല.
ഓഫീസിന്റെ പ്രവര്‍ത്തനം പോലും തടസപ്പെടുന്ന ഘട്ടമായതോടെയാണ് അദ്ദേഹം മുന്‍െകെയെടുത്ത് ഉദ്യോഗസ്ഥനെ എട്ടു ജില്ലയ്ക്കപ്പുറമുള്ള പോലീസ് സ്‌റ്റേഷനിലേക്കു മാറ്റിയത്..ഒരു ജീവനക്കാരിയുടെ പരാതിയാണ് 2013-ല്‍ സ്ഥലംമാറ്റത്തിനു വഴിയൊരുക്കിയത്. പരാതി മേലോട്ടെവിടെയോ പോയിമറഞ്ഞു. തുടര്‍ന്ന്, അന്നത്തെ എസ്.പി. ഇടപെട്ടാണു സ്ഥലംമാറ്റം നടപ്പാക്കിയത്. 2017-ല്‍ സ്ഥാനക്കയറ്റത്തോടെ തിരിച്ചെത്തി. മോശം പദപ്രയോഗങ്ങളും കടന്ന് പ്രവൃത്തിയിലേക്ക് എത്തിയതോടെയാണ് പുതിയ എസ്.പി. ദൂരേക്കു പറത്തിയത്.