18 November, 2019 11:15:21 PM
10 വര്‍ഷത്തിനിടെ ജീവന്‍ ഒടുക്കിയത് 52 വിദ്യാര്‍ത്ഥികള്‍; ഫാത്തിമയുടെ മരണം ലോക്‌സഭയില്‍ ഉന്നയിച്ച് കനിമൊഴി
ദില്ലി: മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവം ലോക്‌സഭയില്‍ ഉന്നയിച്ച് ഡി.എം.കെ എം.പി കനിമൊഴി. ഐ.ഐ.ടി അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് തൂത്തുക്കുടി എം.പി കനിമൊഴി സംസാരിച്ചത്. മദ്രാസ് ഐ.ഐ.ടിയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 52 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തുവെന്ന് കനിമൊഴി ലോക്‌സഭയില്‍ ചുണ്ടിക്കാട്ടി. മതപരമായ വേര്‍തിരിവിന്റെ 72 കേസുകളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കനിമൊഴി കൂട്ടിച്ചേര്‍ത്തു.
എന്താണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിപ്പിക്കുന്നത്. ഒരുപാട് പ്രതീക്ഷകളോടെയാണ് ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനി ഐ.ഐ.ടിയില്‍ എത്തിയത്. അജ്ഞാതമായ സാഹചര്യത്തിലാണ് ഫാത്തിമ ആത്മഹത്യ ചെയ്തിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത് തങ്ങള്‍ ഫാത്തിമയുടെ മുറിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മുറി വൃത്തിയാക്കിയിരുന്നു എന്നാണ്. ഒരു അധ്യാപകന്റെ പേര് ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇതുവരെ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ല. ആരെയാണ് പോലീസ് സംരക്ഷിക്കുന്നതെന്നും കനിമൊഴി ചോദിച്ചു. ഐ.ഐ.ടി പറയുന്നത് തങ്ങളുടെ പേര് കളങ്കപ്പെടുത്തിയെന്നാണ്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥാപനം പ്രവര്‍ത്തിക്കേണ്ട എന്നാണെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു