17 November, 2019 09:14:05 AM
ഫാത്തിമയുടെ മരണം; കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ഐഐടിയില്‍
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം ഇന്ന് ചെന്നൈയില്‍.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലിന്റെ പ്രത്യേകനിര്‍ദ്ദേശമനുസരിച്ചാണ് വിദ്യാഭ്യാസ സെക്രട്ടറി ചെന്നൈയിലെത്തുന്നത്. സുബ്രഹ്മണ്യം ഇന്നു ചെന്നൈയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായും അധ്യാപകരുമായും സഹപാഠികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ പിതാവ് അബ്ദുള്‍ ലത്തീഫ് ഇന്ന് തിരികെ നാട്ടിലേക്ക് മടങ്ങും. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി ഉണ്ടാകുമെന്നാണ് തന്നോട് പറഞ്ഞിരിക്കുന്നതെന്ന് ഫാത്തിമയുടെ പിതാവ് പറഞ്ഞു. വിഷയത്തില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സിറ്റി സെന്‍ട്രല്‍ ക്രൈംബ്രൈഞ്ച് ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫില്‍ നിന്നും മൊഴിയെടുത്തിരുന്നു. ലഭ്യമായ തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറിയെന്ന് ലത്തീഫ് പറഞ്ഞു.
ഫാത്തിമയുടെ മരണത്തില്‍ ഐ.ഐ.ടിക്കും തമിഴ്നാട് പോലീസിനുമെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് രംഗത്തുവന്നിരുന്നു. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടയുടന്‍ ലത്തീഫുമായി ബന്ധപ്പെട്ടിരുന്നുവെന്നു കേന്ദ്രമന്ത്രി മുരളീധരന്‍ പറഞ്ഞു. തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി സംസാരിച്ചു. കുറ്റക്കാരെ കണ്ടെത്താനുള്ള പരിശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും മുരളീധരന്‍ വ്യക്തമാക്കി