16 November, 2019 09:15:02 PM


സര്‍ക്കാരിന് തിരിച്ചടി: ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയത് റദ്ദു ചെയ്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു




കൊച്ചി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഡിവൈഎസ്പിമാരെ സര്‍വീസിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി തരംതാഴ്ത്തിയ നടപടി റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിന്‍റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഡിവൈഎസ്പി മാര്‍ക്ക് ചുമതലകള്‍ നല്‍കി നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. നടപടി നേരിട്ട 9 പേര്‍ക്ക് ലഭിച്ച അനുകൂല വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകളാണ് കോടതി പരിഗണിച്ചത്. എം കെ മനോജ് കബീര്‍, ആര്‍ ജയസനില്‍, ആര്‍ സന്തോഷ്‌കുമാര്‍, ഇ സുനില്‍കുമാര്‍,എം ആര്‍ മധു ബാബു , എസ് അശോക് കുമാര്‍, വി ജി രവീന്ദ്രനാഥ്, ടി അനില്‍കുമാര്‍ , കെ എസ് ഉദയഭാനു എന്നിവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.


സര്‍ക്കാര്‍ നടപടി കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണല്‍ നേരത്തെ റദ്ദാക്കിയിരുന്നു .ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. തരംതാഴ്ത്തപ്പെട്ടവരെ ചുമതലകള്‍ നല്‍കാതെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇവരില്‍ 3 പേര്‍ക്ക് ട്രിബ്യുണല്‍ സ്റ്റേ അനുവദിച്ചില്ല . കോടതിയെ സമീപിക്കാതിരുന്ന ഒരാളെ സര്‍ക്കാര്‍ തിരിച്ചെടുത്തു. നടപടിയെടുത്തവരില്‍ ഒരാള്‍ സര്‍വീസില്‍ നിന്നു വിരമിച്ചു . ചെറിയ പിഴവുകളുടെ പേരില്‍ നടപടി നേരിട്ടവരുടെ സ്ഥാനക്കയറ്റം തടയരുതെന്ന് ചട്ടങ്ങളില്‍ തന്നെ വ്യവസ്ഥയുണ്ടന്നും ഇത് കണക്കിലെടുക്കാതെയാണ് തങ്ങളെ തരം താഴ്ത്തിയതെന്ന ഇവരുടെ വാദം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ അപ്പില്‍ കോടതി തള്ളിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K