14 November, 2019 07:00:27 AM


പദ്മകുമാര്‍ പടിയിറങ്ങി, വാസു പടികയറുന്നു; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു പുതിയ പ്രസിഡന്‍റ്



തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ പ്രസിഡന്‍റ്. ശബരിമല യുവതീ പ്രവേശനത്തെ ശക്തമായി അനുകൂലിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയനു താല്‍പര്യമുള്ള എന്‍ വാസുവാണ് പുതിയ പ്രസിഡന്‍റ്. വെള്ളിയാഴ്ച അദ്ദേഹം സ്ഥാനമേല്‍ക്കും. സിപിഐ പ്രതിനിധിയായി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. കെ എസ് രവിയും ബോര്‍ഡിലെത്തും. ഇപ്പോഴത്തെ പ്രസിഡന്‍റ് എ പദ്കുമാറിന്‍റെയും ബോര്‍ഡംഗം കെ പി ശങ്കരദാസിന്‍റെയും കാലാവധി  അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിയമനങ്ങള്‍.


വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10 ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനമായ നന്തന്‍കോട്ടെ സുമംഗലി ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്.ജയശ്രീ പുതിയ പ്രസിഡന്‍റിനും അംഗത്തിനും സത്യവാചകം ചൊല്ലിക്കൊടുക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍, ദേവസ്വം കമ്മിഷണര്‍ എം.ഹര്‍ഷന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം പ്രസിഡന്‍റും അംഗവും അധികാരം ഏറ്റെടുക്കും. തുടര്‍ന്നു പുതിയ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയില്‍ ആദ്യ ബോര്‍ഡ് യോഗവും ചേരും.


എന്‍ എസ് എസ് നിരന്തരം സര്‍ക്കാര്‍ വിരുദ്ധനിലപാടുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഏറെക്കാലമായി മുന്നാക്ക വിഭാഗം കൈയാളിയിരുന്ന പ്രസിഡന്‍റ് പദവിയില്‍ പുതിയ സമുദായ സമവാക്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടുകളോട് പലപ്പോഴും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന പദ്മകുമാര്‍ കോടതിവിധി വരുന്നതിന്‍റെ തലേന്ന് രാത്രി ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നു വിരമിച്ചു. കോടതിവിധി എന്തായാലും അത് നടപ്പാക്കാനുള്ള ബാധ്യത പുതിയ പ്രസിഡന്‍റിനും സര്‍ക്കാരിനുമാവും. യുവതീ പ്രവേശനം വേണമെന്ന് ശക്തമായി വാദിച്ചിരുന്നയാളാണ് മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കൂടിയായ എന്‍ വാസു. ഇദ്ദേഹം ചാനല്‍ ചര്‍ച്ചകളിലും മറ്റും സര്‍ക്കാരിനും പണറായിക്കും വേണ്ടി ശക്തമായി വാദിച്ചിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K