12 November, 2019 06:53:32 PM
ദേവസ്വം ബോര്‍ഡ്: പ്രസിഡന്‍റ് പത്മകുമാര്‍ നാളെ പടിയിറങ്ങും
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും മുന്‍ എംഎല്‍എ എ പത്മകുമാര്‍ ബുധനാഴ്ച പടിയിറങ്ങും. തന്‍റെ രണ്ട് വര്‍ഷകാലാവധി ബുധനാഴ്ച രാത്രി 12 മണിക്ക് അവസാനിക്കുകയാണെന്നും എന്നാല്‍ ഈ കസേരയില്‍ മുന്നോട്ടിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പ്രസിഡന്‍റ് ചാര്‍ജ് എടുക്കും വരെ തുടരുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
സിപിഎം പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ വളരെ സംതൃപ്തിയോടെയാണ് ഈ കസേര വിട്ടൊഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല കേസില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പത്മകുമാര്‍ സ്ഥാനമൊഴിയുന്നത്. പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നിയമനം സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പത്മകുമാര്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട ചില തീരുമാനങ്ങളും പ്രഖ്യാപനങ്ങളും സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അലോസരങ്ങള്‍ സൃഷ്ടിക്കുകയും വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്തിരുന്നു. ഒരുഘട്ടത്തില്‍ പിണറായിയുടെ കണ്ണിലെ കരടായി മാറി പത്മകുമാര്‍.
പുതിയ പ്രസിഡന്‍റ് ആരായാലും അത് പിണറായി വിജയന്‍റെ 'അടിമകണ്ണായിരിക്കും' എന്നാണ് പൊതുവിലയിരുത്തല്‍. സര്‍ക്കാരിന്‍റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ശബരിമല കേസില്‍ ഒന്നും സംഭവിക്കാതിരിക്കാന്‍ പഴുതടച്ച തീരുമാനങ്ങളും തന്ത്രങ്ങളും പയറ്റേണ്ടതുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മനസാക്ഷിസൂക്ഷിപ്പുകാര്‍ ആരെങ്കിലുമാകും ദേവസ്വം തലപ്പത്ത് വരിക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്‍റും നിലവിലെ ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് ചെയര്‍മാനുമായ എം. രാജഗോപാലന്‍നായരുടെ പേര് സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. അങ്ങിനെ സംഭവിച്ചാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ടേക്കും. കടുത്ത നിരീശ്വരവാദി ആയ രാജഗോപാലന്‍നായര്‍ എന്‍.എസ്.എസിന് വേണ്ടപ്പെട്ട ആളാണ്. എന്നാല്‍ ആര്‍.എസ്.എസിന്‍റെ കണ്ണിലെ കരടാണ്.
കഴിഞ്ഞതവണ അദ്ദേഹം പ്രസിഡന്‍റായിരുന്നപ്പോള്‍ ദേവസ്വം ക്ഷേത്രങ്ങളിലെ കാണിക്കയെണ്ണലിന് കേന്ദ്രീകൃത സംവിധാനം കൊണ്ടുവരാന്‍ ശ്രമിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ നീക്കങ്ങള്‍ കൈയാംകളിയുടെ വക്കോളം എത്തിയിരുന്നു. മാത്രമല്ല ദൈവത്തിന്‍റെ ഫോട്ടോയും വിളക്കും വെച്ചിരുന്ന ഹാളില്‍ ഇരുന്ന് അദ്ദേഹം പരസ്യമായി സിഗററ്റ് വലിച്ചതും വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അദ്ദേഹത്തിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ നിന്നും രാജിവെച്ച് ദേവസ്വം പ്രസിഡന്‍റാകാന്‍ സാധിക്കുമോയെന്നതിന്‍റെ നിയമവശം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ നിലവിലെ ദേവസ്വം സെക്രട്ടറി വാസു ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് ചെയര്‍മാനായി പരിഗണിക്കപ്പെടാനും സാധ്യതയുണ്ട്.