10 November, 2019 10:16:28 PM


ഡിജിറ്റലൈസ് ചെയ്ത് സംസ്ഥാനപൊതുമരാമത്ത് വകുപ്പ്; അഴിമതി കുറയ്ക്കാന്‍ എഞ്ചിനീയര്‍മാര്‍ക്ക് ടാബ്‌ലെറ്റ്



തിരുവനന്തപുരം: സംസ്ഥാനപൊതുമരാമത്ത് ഡിജിറ്റലൈസ് ചെയ്ത് വീണ്ടും ചരിത്രത്തില്‍ ഇടം പിടിക്കുന്നു.  കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു പിന്നാലെ എഞ്ചിനീയര്‍മാര്‍ക്കെല്ലാം ടാബ്‌ലെറ്റ് വിതരണം ചെയ്താണ് വകുപ്പിന്‍റെ പുതിയ കാല്‍വെയ്പ്. ഇതോടെ നിര്‍മ്മാണപ്രവൃത്തികളുടെ പല ഘട്ടങ്ങളിലും നേരിടുന്ന കാലതാമസം ഒഴിവാക്കാനാവും. നിര്‍വ്വഹണവിഭാഗത്തില്‍ ഇരിക്കുന്ന എല്ലാ എഞ്ചിനീയര്‍ക്കുമാണ് ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന എഞ്ചിനീയേഴ്സ് കോണ്‍ഫറന്‍സില്‍ ടാബ്‌ലെറ്റുകള്‍ വിതരണം ചെയ്തത്. 


ഏതാനും വര്‍ഷം മുമ്പ് 'പ്രൈസ്' എന്ന സോഫ്റ്റ് വെയറിലൂടെയാക്കിയിരുന്നു എസ്റ്റിമേറ്റ് തയ്യാറാക്കലും മറ്റ് അനുബന്ധനടപടികളും. എന്നാല്‍ നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്ന സൈറ്റുകളില്‍ നിന്നും എടുക്കുന്ന അളവുകള്‍ ബില്ലാക്കി മാറ്റുവാന്‍ ഏറെ കാലതാമസം പലപ്പോഴും ഉണ്ടാകുന്നുണ്ടായിരുന്നു. ഓഫീസുകളില്‍ അത്യാവശ്യത്തിന് ജീവനക്കാരില്ലാത്തതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇതിന് കാരണമാകുന്നുണ്ടായിരുന്നു. ബില്‍ തയ്യാറാക്കി വിടുന്നതിന് എഞ്ചിനീയര്‍മാര്‍ ജോലിസമയം കഴിഞ്ഞും കഷ്ടപ്പെടുന്നത് സ്ഥിരം കാഴ്ചയാണ് വകുപ്പില്‍. 


എന്നാല്‍ ഇതിന് പരിഹാരമാകുകയാണ് ടാബ്‌ലെറ്റ് നല്‍കിയതിലൂടെ. സൈറ്റുകളില്‍ നിന്നും എടുക്കുന്ന അളവുകള്‍ അപ്പോള്‍ തന്നെ ടാബ്‌ലെറ്റില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തണം. ജിപിഎസ് സംവിധാനത്തോടെയുള്ള പോസ്റ്റ്പെയ്ഡ് സിം കാര്‍ഡും ടാബിനോടൊപ്പം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അളവുകള്‍ രേഖപ്പെടുത്തുന്നത് പിന്നത്തേക്ക് മാറ്റി വെക്കാന്‍ എഞ്ചിനീയര്‍മാര്‍ക്ക് കഴിയില്ല. ഇത് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുമെന്ന് മാത്രമല്ല, വകുപ്പിലെ അഴിമതിയ്ക്കും ഒരു പരിധി വരെ പരിഹാരമാകും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K