01 November, 2019 01:16:40 PM
ജോസിന് മാത്രമല്ല, ജോസഫിനും തിരിച്ചടി: ചെയര്‍മാന്റെ ചുമതല വഹിക്കാന്‍ ജോസഫിന് അധികാരമില്ലെന്ന് കോടതി
കട്ടപ്പന : കേരളാ കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ ജോസ് കെ മാണിയുടെ അപ്പീല്‍ തള്ളിയ കട്ടപ്പന സബ്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. ചെയർമാനായി പ്രവര്‍ത്തിക്കുന്നതിന് സ്റ്റേ നല്കിയ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ജോസ് കെ മാണിയുടെ അപ്പീല്‍ തള്ളിയ കോടതി വിധിയില്‍ ഇതിനൊപ്പം പിജെ ജോസഫിന്റെ വാദവും തള്ളി. പാര്‍ട്ടി ചെയര്മാന് മരിച്ച സാഹചര്യത്തില്‍ ചെയര്‍മാന്റെ അധികാരങ്ങള്‍ തനിക്കാണെന്ന ജോസഫിന്റെ വാദമാണ് കോടതി തള്ളിയത്. ചെയര്‍മാന്റെ അഭാവത്തില്‍ എന്ന് ഭരണഘടനയില്‍ പറയുന്നത് ചെയര്‍മാന്റെ ഒഴിവില്‍ എന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്നാണ് കോടതി ഉത്തരവ്.
ഇതോടെ ചെയര്മാന് ഇന്‍ ചാര്‍ജ് എന്ന നിലയില്‍ പി ജെ ജോസഫിനും പാര്‍ട്ടി ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ കഴിയില്ല. ചെയര്മാന് ഹാജരല്ലാത്തപ്പോള് എന്ന പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ ചെയര്മാന് മരിച്ചാല്‍ എന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഉത്തരവിന്റെ ഇരുപതാം പേജില്‍ 31, 32 പാരഗ്രാഫുകളിലാണ് കോടതി ജോസഫിന്റെ അധികാരങ്ങള്‍ എടുത്തുകളഞ്ഞത്. ഇതോടെ പിജെ ജോസഫ് ഇന്ന് വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം നിയമവിരുദ്ധമായി .
ഇതോടെ വീണ്ടും വ്യവസ്ഥാപിത മാര്‍ഗത്തില്‍ യോഗം ചേര്‍ന്ന് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ കേരളാ കോണ്‍ഗ്രസുകള്‍ നിര്‍ബന്ധിതമാകും. മാത്രമല്ല വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു ജോസഫ് നടത്തിയ വാര്‍ത്താസമ്മേളനവും വെറുതെയായി .
ജോസ് കെ. മാണിയുടെ ചെയർമാൻ സ്ഥാനത്തിന് തൊടുപുഴ കോടതി ഏർപ്പെടുത്തിയ താത്കാലിക വിലക്ക് തുടരുമെന്ന് ഇടുക്കി മുൻസിഫ് കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ജോസ് പക്ഷം സമർപിച്ച അപ്പീലാണ് കട്ടപ്പന സബ്കോടതി ഇന്ന് തള്ളിയത്.