31 October, 2019 05:36:33 PM
'മഹ' ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം കടന്നു: കോഴിക്കോടിന് 325 കി.മീ. അകലെ; മത്സ്യബന്ധനത്തിന് നിരോധനം
കൊച്ചി: 'മഹ' ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം കടന്നു മധ്യ കിഴക്കന്‍ അറബിക്കടലിലേക്ക് എത്തി. ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്കാണ് നീങ്ങുന്നത്. തെക്ക് കിഴക്കന്‍ അറബിക്കടലിലൂടെ, വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്കാണിപ്പോള്‍ 'മഹ' സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോടിന് 325 കി. മീ അകലെയാണ് ചുഴലിക്കാറ്റ്. കടല്‍ക്ഷോഭം ശക്തമായതിനാല്‍ കേരളതീരത്ത് ശനിയാഴ്ച വരെ മീന്‍പിടുത്തം കര്‍ശനമായി നിരോധിച്ചു.
അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റ് കേരള, കര്‍ണാടക, മഹാരാഷ്ട്ര തീരങ്ങള്‍ക്ക് അടുത്തുകൂടി കടന്നുപോകും. മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ നേരം ലക്ഷദ്വീപില്‍ അതീവജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കവരത്തി, അഗതി ദ്വീപുകളില്‍ കാറ്റ് അല്‍പം കുറഞ്ഞെങ്കിലും കനത്ത മഴ തുടരുകയാണ്. വടക്കന്‍ ദ്വീപുകളായ ബിത്ര, കില്‍ത്താന്‍ , ചെത്തിലാത്ത് എന്നിവിടങ്ങില്‍ കാറ്റ് ശക്തമായി വീശുന്നുണ്ട്. എല്ലാ ദ്വീപുകള്‍ക്കും റെഡ് അലര്‍ട്ടാണ്. കൊമോറിന്‍ - മാലെ ദ്വീപുകള്‍ക്ക് ഇടയിലുള്ള ഒരു മേഖലകളിലും മത്സ്യബന്ധനം പാടില്ലെന്ന് കര്‍ശനനിര്‍ദേശം നല്‍കി.