29 October, 2019 09:52:00 AM
പാലാരിവട്ടം പാലം: കരാര്‍ കമ്പനിയായ ആര്‍ഡിഎസില്‍ നിന്നും നാലര കോടി കണ്ടുകെട്ടി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ കരാര്‍ കമ്പനിയായ ആര്‍ഡിഎസില്‍ നിന്നും നഷ്ടം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ആര്‍ഡിഎസില്‍ നിന്ന് നാലരക്കോടി രൂപ റോഡ്‌സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ പിടിച്ചെടുത്തു. പെര്‍ഫോമന്‍സ് ഗ്യാരന്‍റി തുകയാണ് കണ്ടുകെട്ടി ഖജനാവിലേക്ക് മുതല്‍കൂട്ടിയതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
കരാര്‍ പ്രകാരം നിര്‍മ്മാണം നല്ല രീതിയില്‍ നിര്‍വഹിച്ച് കഴിഞ്ഞാല്‍ പെര്‍ഫോമന്‍സ് ഗ്യാരന്‍റി റിലീസ് ചെയ്ത് കരാറുകാര്‍ക്ക് കൊടുക്കുന്നതാണ് രീതി. കരാറില്‍ പറയുന്നതു പ്രകാരം നിര്‍മാണം നടത്താതിരുന്നാല്‍ ഈ തുക സര്‍ക്കാരിന് കണ്ടുകെട്ടാമെന്നുള്ള കരാര്‍ വ്യവസ്ഥ പ്രകാരമാണ് പണം കണ്ടുകെട്ടിയത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍റെ എംഡിയായി ചുമതലയേറ്റ രാഹുല്‍ ആര്‍ ആണ് ഇതു സംബന്ധിച്ച നിര്‍ദേശം പൊതുമരാമത്ത് മന്ത്രിക്ക് മുന്നില്‍ വെച്ചത്. ഇക്കാര്യം പരിശോധിച്ച മന്ത്രി തുക കണ്ടുകെട്ടുന്നതിന് അനുമതി നല്‍കി.
പാലത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണക്കാരായ കമ്പനിയില്‍ നിന്നും പാലം നിര്‍മിക്കുന്നതിനാവശ്യമായ തുക ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പാലത്തിന്‍റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്ക് ഡിഎംആര്‍സിയെ മന്ത്രിസഭാ യോഗം ചമതലപ്പെടുത്തിയിരുന്നു. മേല്‍പ്പാലം നിര്‍മാണത്തില്‍ കരാര്‍ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.