28 October, 2019 09:39:48 AM
തടവുകാര്‍ക്ക് ആഴ്ചയില്‍ അഞ്ചു ദിവസം യോഗ, ബുഫെ സംവിധാനം; അടിമുടി മാറാന്‍ ഒരുങ്ങി ജയിലുകള്‍
കണ്ണൂര്‍: അടിമുടി മാറാന്‍ ഒരുങ്ങി സംസ്ഥാനത്തെ ജയിലുകള്‍. തടവുകാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും വേണ്ടി ഇപ്പോള്‍ യോഗാ പരിശീലനവും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ആഴ്ചയില്‍ അഞ്ച് ദിവസമാണ് യോഗാ പരിശീലനം നല്‍കുന്നത്. കൂടാതെ ഭക്ഷണം പാഴാക്കുന്നത് തടയാന്‍ ബുഫെ സംവിധാനം കൊണ്ടുവരാനും തീരുമാനമുണ്ട്. കഴിഞ്ഞ ദിവസം ജയില്‍ ഡിജിപി ഋഷിരാജ്സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജയില്‍ സൂപ്രണ്ടുമാരുടെ യോഗത്തിലാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്.
ജയിലില്‍ കോഫി-ടീ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നതിനുപുറമേ എറണാകുളം ജയിലില്‍ റിമാന്‍ഡ് പ്രതികള്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തിയത് മറ്റു ജയിലുകളിലേക്കും വ്യാപിപ്പിക്കും. സിസിടിവി സംവിധാനമുള്‍പ്പടെ അഞ്ചരക്കോടിയുടെ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങും. കൂടാതെ തടവുകാരി ആത്മഹത്യചെയ്ത കണ്ണൂര്‍ വനിതാ ജയിലിനുള്ളിലെ മരങ്ങള്‍ മുറിച്ചുമാറ്റാനും തീരുമാനമുണ്ട്. ഇവയ്ക്ക് പുറമെ എല്ലാ ജയിലുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജയിലുകളിലായിരിക്കും ആദ്യം ക്യാമറ സ്ഥാപിക്കുന്നത്.
തടവുകാരില്‍ കൂടിവരുന്ന ആത്മഹത്യാപ്രവണത തടയുന്നതിന് കൗണ്‍സലിങ് നടത്തുക, തടവുകാരുടെ പരാതികള്‍ കൃത്യമായി പരിശോധിക്കുക, ജയിലുകളില്‍ വോളിബോള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍ സ്ഥാപിക്കുക, എല്ലാ സെല്ലുകളിലും ഫാന്‍ സ്ഥാപിക്കുക, തടവുകാരുടെ വീട്ടില്‍നിന്നു കൊണ്ടുവരുന്ന സാധനങ്ങള്‍ പരിശോധിച്ച് കഴിയാവുന്നവ നല്‍കുക, കോടതിയിലേക്കും മറ്റുമുള്ള യാത്രയില്‍ തടവുകാര്‍ക്ക് പോലീസ് എസ്‌കോര്‍ട്ട് ലഭിക്കാത്ത സാഹചര്യം ഇല്ലാതാക്കുക, കരനെല്‍കൃഷി തുടങ്ങുക, ജയിലില്‍ ഹൃസ്വകാല കോഴ്സുകള്‍ തുടങ്ങുക എന്നീ കാര്യങ്ങളിലും ചര്‍ച്ചയില്‍ തീരുമാനം എടുത്തിട്ടുണ്ട്.