25 October, 2019 11:27:13 PM
കെ. സുരേന്ദ്രന്‍ ബി.ജെ.പി.യുടെ അടുത്ത സംസ്ഥാന അധ്യക്ഷന്‍ ? ലക്ഷ്യം എന്‍ഡിഎ ശക്തിപ്പെടുത്തുക
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ അടുത്ത സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി.ജെ.പി.യുടെ ഏറ്റവും ജനകീയനായ നേതാവ് കെ. സുരേന്ദ്രന്‍ തന്നെ എത്താന്‍ സാദ്ധ്യത. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ സുരേന്ദ്രന് എതിരാളികളില്ല. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പിന്തുണയും സുരേന്ദ്രനുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലെ മികച്ച പ്രകടനം മാത്രം മതി സുരേന്ദ്രന്റെ ജനപ്രീതി അളക്കാന്‍. മണ്ഡലത്തിലെ നിര്‍ണായക ശക്തികളായ ഈഴവ സമുദായം ഇടതുപക്ഷത്തെ തുണച്ചിട്ടും, എന്‍.എസ്.എസ്. യു.ഡി.എഫിനെ പിന്തുണച്ചിട്ടും 40,000 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞത് കേന്ദ്രനേതൃത്വത്തിന് കാണാതിരിക്കാന്‍ കഴിയില്ല.
അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലെ കനത്ത പരാജയം ബിജെപിയുടെ സംഘടനാപരമായ ദുര്‍ബലതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല എന്നത് ബിജെപി നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിലും നിയമസഭാ തെരെഞ്ഞടുപ്പിലും ബി.ജെ.പി.യെ നയിക്കാന്‍ ശക്തമായ നേതൃത്വംതന്നെവേണമെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. അമിത്ഷായുടെ പന്തുണയും സുരേന്ദ്രനാണ്.
ആര്‍എസ്എസിനെ പിണക്കി കേരളത്തില്‍ ബിജെപിക്ക് ഭാവിയില്ലെന്ന് തെളിയിക്കുകകൂടിയാണ് വട്ടിയൂര്‍ക്കാവിലെ ഉപതിരഞ്ഞെടുപ്പ് ഫലം. ശബരിമല സമരത്തോടെ ആര്‍.എസ്.എസിന്റെ ഗുഡ്ബുക്കിലാണ് സുരേന്ദ്രന്‍. സംഘടനാ പരമായ ദുര്‍ബലതകള്‍ വേട്ടയാടുന്ന ബിജെപിക്ക് ജീവവായു നല്‍കുന്നത് ആര്‍എസ്എസ് തന്നെയാണ്. സ്വാഭാവികമായും അവരും സുരേന്ദ്രനെ എതിര്‍ക്കാന്‍ വഴിയില്ല.
എന്‍.ഡി.എ. ഒരു മുന്നണിയെന്ന നിലയില്‍ ഇപ്പോള്‍തന്നെ പരാജയമാണ്. പ്രധാന സഖ്യകക്ഷിയായ ബി.ഡി.ജെ.എസ്. ഏതാണ്ട് പൂര്‍ണമായും അകന്നുകഴിഞ്ഞു. ഈഴവസമുദായ പാര്‍ട്ടി എന്നാണ് പറയുന്നതെങ്കിലും എസ്.എന്‍.ഡി.പി.യും വെള്ളാപ്പള്ളിയും പരസ്യമായിതന്നെ ഇടതുപക്ഷത്താണ്. എന്‍.ഡി.എ. ഒരു തട്ടിക്കൂട്ട് മുന്നണിയാണെന്നും എത്രകാലം ഒപ്പമുണ്ടെന്നു പറയാനാകില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു കഴിഞ്ഞു. പി.സി. തോമസിന്റെ കേരളാ കോണ്‍ഗ്രസ് ഒഴിച്ചാല്‍ എന്‍.ഡി.എ. എന്നാല്‍ ബി.ജെ.പി. മാത്രമാണ്. ചുരുക്കത്തില്‍ പുതിയ സംസ്ഥാന അധ്യക്ഷനെ കാത്തിരിക്കുന്നത് പുതിയ സഖ്യ സാദ്ധ്യതകള്‍ കണ്ടെത്തി ബി.ജെ.പി.ക്കൊപ്പം മുന്നണിയെ ശക്തിപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യം തന്നെയാണ്