24 October, 2019 03:34:22 PM
പ്രവചനങ്ങള്‍ തെറ്റിച്ച് എന്‍.സി.പിക്ക് മുന്നേറ്റം; പാര്‍ട്ടി വിട്ടവരെ ജനം തള്ളിയെന്ന് പവാര്‍
മുംബൈ: മഹാരാഷ്ട്രയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിച്ച് എന്‍.സി.പിക്ക് അപ്രതീക്ഷിത മുന്നേറ്റം. ബി.ജെ.പിയുടെ ഏകപക്ഷീയ മുന്നേറ്റം പ്രവചിച്ച എക്‌സിറ്റ് പോളുകള്‍ തെറ്റിച്ച് കോണ്‍ഗ്രസിനും എന്‍.സി.പിക്കും അവരുടെ ശക്തി കേന്ദ്രങ്ങളില്‍ പിടിച്ചുനില്‍ക്കാനായിട്ടുണ്ട്. 2014-ല്‍ നിന്ന് സീറ്റ് നില വര്‍ധിപ്പിക്കാനായില്ലെങ്കിലും സ്വാധീന മേഖലകളില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസും നടത്തുന്നത്. ഈ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പല മുതിര്‍ന്ന നേതാക്കളടക്കം പാര്‍ട്ടി വിട്ട് പോയിട്ടും സീറ്റ് നില വര്‍ധിപ്പിക്കാന്‍ എന്‍.സി.പിക്ക് സാധിച്ചിട്ടുണ്ട്.
ഫലം പുറത്തുവന്നതിന്റെയും വോട്ടണ്ണല്‍ പുരോഗമിക്കുന്ന സീറ്റുകളുടെയും കണക്കെടുത്താല്‍ എന്‍.സി.പി അമ്പതിലധികം സീറ്റുകള്‍ നേടുമെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 41 സീറ്റില്‍ നിന്നുമാണ് എന്‍.സി.പി അമ്പതിലധികം സീറ്റുകളിലേക്ക് നില മെച്ചപ്പെടുത്തിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പോടെ എന്‍.സി.പി തുടച്ചുമാറ്റപ്പെടുമെന്നാണ് ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരുന്നത്.
കോണ്‍ഗ്രസും എന്‍.സി.പിയും മഹാരാഷ്ട്രയില്‍ കഠിനാദ്ധ്വാനം ചെയ്തുവെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിലെ പ്രവര്‍ത്തകര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. പ്രവര്‍ത്തകരോട് നന്ദി. അധികാരം വരുകയും പോവുകയും ചെയ്യും എന്നാല്‍ പാര്‍ട്ടിയുടെ ലക്ഷ്യം മുന്‍നിര്‍ത്തി മുന്നോട്ട് പേകും. പാര്‍ട്ടി വിട്ടുപോയ നേതാക്കളെ ജനം തള്ളിക്കളഞ്ഞുവെന്നും പവാര്‍ പറഞ്ഞു.
എന്‍.സി.പി നേതാക്കളുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് പവാര്‍ അറിയിച്ചു. പാര്‍ട്ടി നേതാക്കളുമായി തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യും. നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിയാലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പവാര്‍ പറഞ്ഞു. അതേസമയം ശിവസേനയുമായി സഖ്യമുണ്ടാക്കില്ലെന്ന് പവാര്‍ വ്യക്തമാക്കി. ശിവസേനാ സഖ്യം പാര്‍ട്ടിയുടെ നയത്തിന് എതിരാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.