24 October, 2019 03:32:20 PM
വട്ടിയൂര്‍ക്കാവും കോന്നിയും നഷ്ടപ്പെട്ടതിന് കോണ്‍ഗ്രസില്‍ വിഴുപ്പലക്ക്; നേതൃമാറ്റത്തിന് സാധ്യത
തിരുവനന്തപുരം: അഞ്ചില്‍ മൂന്ന് സീറ്റിലും ജയം നേടി മുന്‍തൂക്കം നിലനിര്‍ത്തിയെങ്കിലും പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസില്‍ ഉണ്ടാക്കാന്‍ പോകുന്നത് വന്‍ പൊട്ടിത്തെറിയെന്ന് വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരമെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂചനയെന്നും മൂന്നു സീറ്റുകളിലെ വിജയത്തെ വിലയിരുത്തുമ്പോഴും കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും തോല്‍വികള്‍ കോണ്‍ഗ്രസിനുള്ളില്‍ ആരോപണങ്ങള്‍ക്കും ആഭ്യന്തര കലാപത്തിലേയ്ക്കും വഴി വെച്ചേക്കാം.
എറണാകുളം നിലനിര്‍ത്താന്‍ കഴിഞ്ഞപ്പോള്‍ അരൂരില്‍ കിട്ടിയ അപ്രതീക്ഷിത വിജയം കോണ്‍ഗ്രസ് ക്യാമ്പില്‍ ആഹഌദം നിറയ്ക്കുന്നതാണെങ്കിലും വട്ടിയൂര്‍ക്കാവും കോന്നിയുമാകും ഏറെ ചര്‍ച്ച ചെയ്യപ്പെടുക. ഈ രണ്ടിടത്തും തമ്മിലടി കാരണം സീറ്റു നഷ്ടപ്പെട്ടു എന്നാണ് വിലയിരുത്തല്‍. കോന്നിയിലും വട്ടിയൂര്‍ക്കാവിലും അടൂര്‍പ്രകാശിന്റെയും മുരളീധരന്റെയും ഇടപെടല്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് ആരോപണം. രണ്ടു മണ്ഡലത്തിലേക്കും തങ്ങള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികള്‍ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഇരുനേതാക്കളും പ്രചാരണ പ്രവര്‍ത്തനങ്ങളോടടക്കം മുഖം തിരിച്ചിരുന്നു.
കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്കുള്ള സൂചനകള്‍ നല്‍കി യുഡിഎഫിലെ തമ്മിലടിയാണ് തിരിച്ചടിക്ക് കാരണമായതെന്ന് പ്രസ്താവന നടത്തി കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആദ്യ വെടി പൊട്ടിച്ചിരിക്കുകയാണ്. നേതാക്കള്‍ തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും ആരും പാര്‍ട്ടിക്കും മുന്നണിക്കും അതീതരല്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കോന്നിയിലും അടൂരിലും പാര്‍ട്ടിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.
യുഡിഫിനേറ്റ കനത്ത തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെ. സുധാകരനും വിമര്‍ശിച്ചിട്ടുണ്ട്. വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇത് മനസ്സിലാക്കും. പാര്‍ട്ടിയില്‍ എപ്പോഴൊക്കെ വ്യക്തിതാല്‍പര്യങ്ങള്‍ ഉടലെടുത്തിട്ടുണ്ടോ അപ്പോഴൊക്കെ പരാജയമാണ് ഫലമുണ്ടായത്. തെറ്റ് തിരുത്താന്‍ നേതാക്കള്‍ തയ്യാറാവണമെന്നും സുധാകരന്‍ പറഞ്ഞു.
കോന്നിയിലേയും വട്ടിയൂര്‍ക്കാവിലേയും തിരിച്ചടിക്ക് പിന്നാലെ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ പല തലകളും ഉരുളാന്‍ സാധ്യതയുണ്ട്. 23 വര്‍ഷം നീണ്ട അപ്രമാദിത്യമാണ് കോന്നിയില്‍ തകര്‍ന്നുപോയത്. വോട്ടുഷെയറില്‍ വലിയ ഇടിവും വന്നു. 2016 ല്‍ അടൂര്‍ പ്രകാശ് 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയ മണ്ഡലത്തില്‍ ഇത്തവണ എല്‍ഡിഎഫിന്റെ ജനീഷ്‌കുമാര്‍ 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം തിരിച്ചുപിടിച്ചത്. 2016 ല്‍ അടൂര്‍ പ്രകാശ് മണ്ഡലത്തില്‍ 72,800 വോട്ടുകള്‍ നേടിയപ്പോള്‍ 44,146 വോട്ടുകളാണ് മോഹന്‍രാജിന് നേടാനായത്. യുഡിഎഫ് ശക്തി കേന്ദ്രമായ കോന്നിയിലെ തിരിച്ചടി മണ്ഡലത്തിലെ കോണ്‍ഗ്രസിനുളളിലെ വിഭാഗീയത ശക്തിപ്പെടുത്തുമെന്നുറപ്പാണ്. കാല് വാരി എന്നാണ് ഡിസിസി പ്രസിഡണ്ട് തോല്‍വിയെക്കുറിച്ച് ആദ്യമായി നടത്തിയ പ്രതികരണം. എല്‍ഡിഎഫ് ലീഡ് നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ഡിസിസി പ്രസിഡണ്ടായ ബാബു ജോര്‍ജ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. സമൂഹമാധമങ്ങള്‍ വഴി വിഴുപ്പലക്കു തുടങ്ങിക്കഴിഞ്ഞു പത്തനംതിട്ടയില്‍. ഡി.സി.സി. പ്രസിഡന്റ് തെറിക്കാനാണ് സാധ്യത.
അരനൂറ്റാണ്ട് കൈയിലിരുന്ന പാലായ്ക്ക് പുറമെയാണ് രണ്ടര പതിറ്റാണ്ട് കൈയിലിരുന്ന കോന്നി കൂടി തമ്മിലടിച്ച് നഷ്ടമായത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതലാണ് കോന്നി വിഷയമായത്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് മുമ്പോട്ട് വെച്ച റോബിന്‍പീറ്ററുടെ പേര് വെട്ടി കോണ്‍ഗ്രസ് നേതൃത്വമായിരുന്നു പി മോഹന്‍രാജിന്റെ പേര് മുമ്പോട്ട് വെച്ചത്്. ഇതേ തുടര്‍ന്ന് അടൂര്‍പ്രകാശ് കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ആദ്യം പ്രചരണത്തില്‍ നിന്നും വിട്ടുനിന്ന അദ്ദേഹം പിന്നീടാണ് രംഗത്ത് വന്നത്. വോട്ടെടുപ്പ് കഴിയും വരെ മണ്ഡലത്തില്‍ ഉണ്ടാകണമെന്ന് നിര്‍ദേശം ഉണ്ടായിട്ടും അടൂര്‍ പ്രകാശ് വോട്ടെടുപ്പ് ദിവസം കുടുംബസമേതം ഡല്‍ഹിക്ക് പോയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കടുംപിടുത്തം പിടിച്ച അടൂര്‍പ്രകാശ് കോന്നിയില്‍ തോറ്റുപോയാല്‍ തന്നെ പഴി പറയരുതെന്ന നിലപാടും എടുത്തിരുന്നു.
വട്ടിയൂര്‍ക്കാവിലെ സ്ഥിതിയും വിഭിന്നമല്ല. ഇവിടെ തന്റെ ഒഴിവില്‍ വന്ന മണ്ഡലത്തില്‍ പീതാംബര കുറുപ്പിനെയാണ് കെ മുരളീധരന്‍ നിര്‍ദേശിച്ചത്. എന്നാല്‍ പ്രവര്‍ത്തകരുടെ എതിര്‍പ്പ് ശക്തമായതോടെ മോഹന്‍കുമാറിനെ നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കങ്ങള്‍ മാധ്യമ ചര്‍ച്ചയ്ക്ക് ഇടയായതിന്റെ പേരില്‍ അടൂര്‍പ്രകാശും കെ മുരളീധരനും ഇപ്പോള്‍ ഏറെ പഴി കേള്‍ക്കുന്നുണ്ട്. തോല്‍വിയുടെ പേരില്‍ രണ്ടുപേര്‍ക്കുമെതിരേ കടുത്ത അച്ചടക്ക നടപടി വന്നാലും അത്ഭുതപ്പെടേണ്ട.
വട്ടിയൂര്‍കാവില്‍ എന്‍എസ്എസ് പിന്തുണ ഉണ്ടായിട്ടും കോണ്‍ഗ്രസിന് ജയിക്കാനായില്ല. ഇതോടെ വരാനിരിക്കുന്ന പുന:സംഘടന കോണ്‍ഗ്രസില്‍ ഉടച്ചുവാര്‍ക്കലിന് വഴിയൊരുക്കും. രമേശിന്റെ പ്രതിപക്ഷനേതൃസ്ഥാനവും ചോദ്യം ചെയ്യപ്പെടാം. പിണറായി സര്‍ക്കാരിനെതിരേ രമേശിന് ഫലപ്രദമായി ഒന്നും ചെയ്യാനാകുന്നില്ല എന്ന വിമര്‍ശനമുണ്ട്. രമേശ് ഒട്ടും ജനകീയനാകാനാകുന്നില്ല എന്നും ആരോപണങ്ങള്‍ മുനയൊടിഞ്ഞതാണെന്നുമാണ് വിമര്‍ശനം. അടുത്തവരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടി വീണ്ടും വരാനും സാദ്ധ്യതയുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പദവിയില്‍ മുല്ലപ്പള്ളിക്കും കസേര നഷ്ടമായേക്കും. വടക്ക് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയില്‍ ആകെയുള്ള പിടിവള്ളിയാണ് കേരളം