24 October, 2019 12:47:12 PM


വട്ടിയൂര്‍കാവിലും കോന്നിയിലും എല്‍ഡിഎഫ് കരുത്തുകാട്ടി; പ്രശാന്തിനും ജനീഷ്കുമാറിനും ഉജ്വല ജയം




തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് കോട്ടയായ വട്ടിയൂര്‍കാവും ​േ​കാന്നിയും യുവനേതാക്കളെ ഇറക്കി എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. വട്ടിയൂര്‍കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തും കോന്നിയില്‍ കെ.യു. ജനീഷ്‌കുമാറും വിജയം നേടി. വട്ടിയൂര്‍കാവില്‍ 14,251 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രശാന്തിന്റെ വിജയം. ജനീഷ്കുമാര്‍ 9940 വോട്ടുകളുടെ ഭൂരിപക്ഷത്തിലും ജയം നേടി.


ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ഫോട്ടോഫിനിഷെന്നും എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തെറ്റിച്ചു കൊണ്ട് ആദ്യം ​മുതല്‍ ലീഡ് നില നിര്‍ത്തിക്കൊണ്ടാണ് പ്രശാന്ത് മുന്നേറിയത്. തപാല്‍ വോട്ട് മുതല്‍ യുഡിഎഫ് കോട്ടകളിലെല്ലാം മികവ് കാട്ടിക്കൊണ്ട് ഘട്ടം ഘട്ടമായി ഭൂരിപക്ഷം ഉയര്‍ത്തി. ഇതാദ്യമായിട്ടാണ് വട്ടിയൂര്‍കാവ് മണ്ഡലമായി പുനര്‍നിര്‍ണ്ണയം നടത്തിയ ശേഷം എല്‍ഡിഎഫ്  വിജയം നേടുന്നത്.


കഴിഞ്ഞ തവണ കെ മുരളീധരന്‍ 21,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ ആയിരുന്നു രണ്ടാം സ്ഥാനത്ത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫിന് ശക്തമായ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഈ വിജയം. എന്‍എസ്എസി​ന്റെ പിന്തുണ ഉണ്ടായിട്ടും കോണ്‍ഗ്രസിന് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ബിജെപി മുന്നാം സ്ഥാനത്ത് വന്നു.


റോബിന്‍ പീറ്ററിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യത്തില്‍ യുഡിഎഫില്‍ തര്‍ക്കം നില നിന്ന കോന്നിയില്‍ 23 വര്‍ഷത്തിന് ശേഷമാണ് എല്‍ഡിഎഫ് തിരിച്ചുവരുന്നത്. ശബരിമലയും മറ്റു വിഷയങ്ങളുമെല്ലാം ബിജെപി വിഷയമാക്കിയെങ്കിലും അതൊന്നും കാര്യമായി ഏശാതെയാണ് ജനീഷ്‌കുമാര്‍ വിജയം നേടിയത്. ബിജെപിയുടെ കെ സുരേന്ദ്രന് മുന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. സാമുദായിക ഇടപെടലും രാഷ്ട്രീയ ഉള്‍പ്പോരുകളും കണ്ട രണ്ടു മണ്ഡലത്തിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ആഹ്ലാദമാണ് നല്‍കിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K